പത്തനാപുരം : യുഡിഎഫ് സ്ഥാനാര്‍ഥി പി. വി. ജഗദീഷ്കുമാര് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചത്. പിടവൂര്‍ ജംഗ്ഷനില്‍ നിന്നും പ്രകടനമായി എത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിലെത്തി പത്രിക നല്‍കുകയായിരുന്നു. സഹവരണാധികാരിയും പത്തനാപുരം ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറുമായ കെ. ഇ. വിനോദ്കുമാറാണ് നാമനിര്‍ദേശപത്രിക സ്വീകരിച്ചത്.
ഒരു മണിക്കൂറോളം സ്ഥാനാര്‍ത്ഥി വരണാധികാരയുമായി സംസാരിച്ചു. കെപിസിസി സെക്രട്ടറി ജി. രതികുമാര്‍, നിര്‍വാഹകസമിതിയംഗം സി. ആര്. നജീബ്,ഡി ഡി സി സെക്രട്ടറി ബാബു മാത്യു,കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്റ് ബെന്നി കക്കാട്,കണ്‍വീനര്‍ കെ അനില്‍,ഉസ്മാന് സാഹിബ്,ഷേക് പരീത്,ലതാ സി നായര്‍,ടിജു യോഹന്നാന്,എം എസ് പ്രദീപ്കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ജഗദീഷ് കുമാറിന് ഒരു കോടി അന്‍പത്തിനാല് ലക്ഷം രൂപയുടെ ആസ്തി. തിരുവനന്തപുരത്തെ എസ് ബിഐ ശാഖയില്‍ 5099 രൂപ, കരൂര്‍ വൈശ ബാങ്കില്‍ 60405 രൂപ എന്നിവ സ്ഥാനാര്‍ഥിയുടെ പേരില്‍ ഉണ്ട്.ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ 10,03,658 രൂപയാണ് ഉള്ളത്.32 ഗ്രാം സ്വര്‍ണം ജഗദീഷിന്റെയും, 56 ഗ്രാം സ്വര്‍ണം ഭാര്യയുടെയും കൈയിലുണ്ട്. നാല് വാഹനങ്ങളുമുണ്ട്. ജഗദീഷിന്റെ കൈവശം 30,000 രൂപയും ഭാര്യയുടെ കൈവശം ഇരുപത്തിയ്യായിരം രൂപയും ഉണ്ട്.
തിരുവനന്തപുരത്ത് രണ്ട് കെട്ടിടങ്ങളും, മൂന്ന് ഫ്ളാറ്റുകളും ജഗദീഷിന് സ്വന്തമാണ്.ഒരു കെട്ടിടമാണ് ഭാര്യയുടെ പേരില്‍ ഉള്ളത്.സ്ഥാവര ആസ്തി ഒരു കോടി മുപ്പത്തിനാല് ലക്ഷത്തിഅന്പതിനായിരം രൂപയുടെയും ജംഗമ ആസ്തി ഇരുപത് ലക്ഷം രൂപയുടെയും ആണ് ഉള്ളത്.ഭാര്യയുടെ പേരില്‍ രണ്ടര കോടിയുടെ ആസ്തിയുമുണ്ട്.