ചപ്പാരപ്പടവ്: രാജ്യത്തെ ജനങ്ങള്‍ പണത്തിനായി ഊണും ഉറക്കവും ഉപേക്ഷിച്ചു ബാങ്കുകള്‍ക്കു മുന്നില്‍ കാവലിരിക്കുമ്പോള്‍ ലോക സഞ്ചാരം നടത്തുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. രാജ്യത്തെ ജനതയെ മുഴുവന്‍ ദുരിതത്തിലാക്കിയ പ്രധാനമന്ത്രി എന്നതായിരിക്കും ചരിത്രത്തില്‍ മോദിയുടെ സ്ഥാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മംഗര മുസ്‌ലിംലീഗ് സ്പന്ദനം റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ബൈത്തുറഹ്മയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനതയെ ഒന്നാകെ ക്യൂവില്‍ നിര്‍ത്താന്‍ കഴിഞ്ഞ ഏക പ്രധാനമന്ത്രിയാണ് മോദിയെന്നും രാവും പകലും ജനങ്ങളെ ക്യൂവില്‍ നിര്‍ത്തി സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും തൊഴില്‍ നല്‍കി തെരഞ്ഞെടുപ്പ് വാഗ്ദാനം മോദി പാലിച്ചതായും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
ചടങ്ങില്‍ അലി മംഗര അധ്യക്ഷത വഹിച്ചു. പഴയകാല ലീഗ് നേതാക്കളെ പി.വി. അബ്ദുറസാഖ് എംഎല്‍എ ആദരിച്ചു. ഹാഷിം അരിയില്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി, ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, സി.വി. അബ്ദുള്ള, മഹമൂദ് അള്ളാംകുളം, പി.കെ. സുബൈര്‍, പി. അബ്ദുള്‍ ലത്തീഫ് ഹാജി, പി.കെ. ഉനൈസ്, പി.വി. മമ്മു, പി.എം. ഷരീഫ്, മുഹമ്മദലി ശാന്തിഗിരി, ജംഷീര്‍ ആലക്കാട്, ഒ.പി. ഇബ്രാഹിംകുട്ടി, എ.പി. ഇസ്മായില്‍, കെ.വി. നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.