പോത്തന്‍കോട്: ഗുണ്ടാ നിയമപ്രകാരം ജയില്‍ വാസം കഴിഞ്ഞു പുറത്തിറങ്ങിയ ഗുണ്ട വധശ്രമ കേസില്‍ അറസ്റ്റില്‍. പോത്തന്‍കോട് വട്ടക്കരിക്കകം രാജീവ്ഗാന്ധി നഗര്‍ പുതുവല്‍പുത്തന്‍ വീട്ടില്‍ അനിച്ചന്‍ എന്ന രതീഷിനെ (35)യാണ് വധശ്രമക്കേസില്‍ പോലീസ് അറസ്റ്റു ചെയ്തത്. 2015 ജൂലൈല്‍ കുറ്റിയാണി പട്ടാഴി ചെറുകടയില്‍ വീട്ടില്‍ അഭിലാഷിനെ വാളുകൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഗുണ്ടാനിയമപ്രകാരം ജയിലില്‍ കഴിഞ്ഞിരുന്ന രതീഷ് അടുത്തിടെയാണ് പുറത്തിറങ്ങിയത് 2013ല്‍ ഉളിയാഴ്ത്തുറ സ്വദേശി ശരത്തിനെ ആക്രമിച്ച് മോട്ടോര്‍ ബൈക്കും 1500 രൂപയും കവര്‍ന്ന കേസ്, വെമ്പായത്തെ വിജയകുമാരന്‍ നായരെ ഓട്ടോ തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്, 2008ല്‍ ഉളിയാഴ്ത്തുറ അരുവിക്കരക്കോണം വട്ടക്കരിക്കകം ഹരിജന്‍ കോളനിയില്‍ ശശിധരനെ വീടാക്രമിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്, 2010ല്‍ ഉളിയാഴ്ത്തുറ അരുവിക്കരക്കോണം വാളക്കുഴി പുതുവല്‍ വീട്ടില്‍ സജീറിനെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, 2011ല്‍ വട്ടപ്പാറയില്‍ പ്രശാന്തിനെയും അയിരൂപ്പാറയിലെ റിബുവിനെയും വെട്ടിയ കേസ്, 2012ല്‍ വട്ടപ്പാറ സ്വദേശി ശ്രീകുമാറിനെയും വെമ്പായത്ത് വിഷ്ണുവിനെയും സുഹൃത്തിനെയും മര്‍ദിച്ച കേസ് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചിലേറെ കേസുകള്‍ നിലവിലുണ്ട്.