കൂത്തുപറമ്പ്: ഇരുവൃക്കകളും തകരാറിലായി ദുരിതം പേറുന്ന ജാനകിക്കു വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ ഒരു കൈ സഹായം. കൊട്ടയോടി സഖാക്കള്‍ എന്ന പേരില്‍ കൊട്ടയോടിയില്‍ രൂപീകരിച്ച വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണു വൃക്കരോഗത്തില്‍ ചികിത്സയില്‍ കഴിയുന്ന പാട്യം പുതിയതെരുവിലെ ജാനകിക്കു ധനസഹായമായി 30,500 രൂപ നല്കിയത്. ഏഴുവര്‍ഷത്തിനു മുകളിലായി വൃക്ക രോഗത്തിനു ഡയാലിസിസ് ചെയ്തു വരികയാണു വിധവയായ ജാനകി.
മറ്റു ചില ശാരീരിക പ്രശ്‌നങ്ങളും കൂടിയായപ്പോള്‍ ശരിയായ രീതിയില്‍ ഡയാലിസിസ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലുമാണിപ്പോള്‍. ഇത് അധികനാള്‍ തുടരാന്‍ ആവില്ലെന്നും വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് ഏക പോംവഴിയെന്നുമാണ് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇവരുടെ അസുഖം കാരണം വിദേശത്തു ജോലിചെയ്തു കൊണ്ടിരുന്ന മകന്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു തിരിച്ചെത്തി വളരെ തുഛമായ വരുമാനം മാത്രം ലഭിക്കുന്ന ജോലി ചെയ്ത് ജാനകിയുടെ ചികിത്സ നടത്തിവരികയുമാണ്. പുരയിടത്തിന് പുറമെയുണ്ടായിരുന്ന ഭൂമി പോലും ചികിത്സയ്ക്കായി ഇവര്‍ വിറ്റു.
കടബാധ്യതയില്‍ കഴിയുന്ന ഈ കുടുംബത്തിന്റെ അവസ്ഥ വാട്‌സ് ആപ് കൂട്ടായ്മയിലെ ഒരു അംഗം ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണു കൂട്ടായ്മ സ്വരൂപിച്ചെടുത്ത 30,500 രൂപ ജാനകിക്ക് നല്കിയത്. സംഖ്യയ്ക്കുള്ള ചെക്ക് സിപിഎം പാട്യം ലോക്കല്‍ സെക്രട്ടറി കെ.പി. പ്രദീപനും വാര്‍ഡ് മെമ്പര്‍ പി. ദീപയും ചേര്‍ന്നു ജാനകിക്ക് നല്‍കി. കെ.വി പ്രേമന്‍, സി.ടി. സുരേഷ് ബാബു, വിപിന്‍, രജീഷ്, ഷൈജു എന്നിവരും പങ്കെടുത്തു.
നേരത്തെ കൊട്ടയോടി ടൗണില്‍ ചെറുവാഞ്ചേരി റോഡില്‍ ഇരുപതിനായിരത്തോളം രൂപ ചെലവഴിച്ചു ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ചു യാത്രക്കാര്‍ക്കു തണലൊരുക്കിയിരുന്നു നൂറ്റമ്പതിലേറെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ വാട്ട്‌സ് ആപ്പ് കൂട്ടായ്മ.