പെരുമ്പാവൂര്‍: ജിഷ വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി നാട്ടുകാരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുന്നു. ജിഷയുടെ വീടിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ടവറില്‍നിന്നും പോയിട്ടുള്ളതും വന്നതുമായ കോളുകള്‍ കേന്ദ്രീകരിച്ചാണ് സംഘം ഇപ്പോള്‍ അന്വേഷിക്കുന്നത്. സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് 12-നും രാത്രി എട്ടിനുമിടയ്ക്ക് സമയത്തെ കോളുകളാണ് പോലീസ് ശേഖരിക്കുന്നത്.
പതിനായിരത്തില്‍പ്പരം കോളുകളാണ് ടവറുകളില്‍നിന്നും വന്നു പോയിട്ടുള്ളതാണെന്ന് പോലീസ് പറഞ്ഞു. ഇവയെല്ലാം പരിശോധിക്കുന്നുണ്ട്. സംഭവം നടന്ന ദിവസം ജിഷ ഹോട്ടല്‍ ഭക്ഷണമാണ് ഉപയോഗിച്ചിരുന്നത്. ഒന്നുകില്‍ ഭക്ഷണം പ്രതി കൊണ്ടുവന്നത്, അല്ലെങ്കില്‍ ജിഷ വാങ്ങിക്കൊണ്ടു വന്നതാകാമെന്നാണ് പോലീസ് കരുതുന്നത്. പ്രതി കൊണ്ടുവന്നതാണെങ്കില്‍ ജിഷയെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനമാണ് പോലീസിന്റേത്. പ്രതി തന്നെ ഫോണ്‍ നശിപ്പിച്ചിട്ടുണ്ടാകും. ഫോണ്‍കോള്‍ ശേഖരിക്കുന്നതിലൂടെ പ്രതിയെ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്റെ അവസാന പ്രതീക്ഷ.
ഇതിനിടെ സംഭവത്തിനുശേഷം സംസ്ഥാനത്ത് വന്നിട്ടുള്ള ആത്മഹത്യകളുടെ വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ മറ്റ് ദുരൂഹമരണങ്ങളെ ക്കുറിച്ചും അന്വേഷി ക്കുന്നുണ്ട്. ഡിഎന്‍എ ടെസ്റ്റിന്റെ വിവരം പുറത്തു വന്നെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ പത്തിലധികം പേരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിക്കഴിഞ്ഞു. ആയിരത്തിലധികം വിരലടയാളങ്ങളും ശേഖരിച്ചിരുന്നു. എന്നിട്ടും പോലീസിന് യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല.
ജിഷയുടെ അമ്മയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും; പെരുമ്പാവൂരില്‍ വാടകവീട് അന്വേഷിക്കുന്നു
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയെ അടുത്ത ദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തേക്കും. നിലവില്‍ ജിഷയുടെ വീട്ടില്‍ താമസിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പുതിയൊരു വാടക വീട്ടിലേക്കായിരിക്കും രാജേശ്വരിയെ മാറ്റി താമസിപ്പിക്കുക. ഇതിനായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശാനുസരണം മുവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ തഹസില്‍ദാര്‍ക്ക് വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പെരുമ്പാവൂര്‍ വില്ലേജ് ഓഫീസിന്റെ കീഴില്‍ പുതിയൊരു വാടകവീട് കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുന്നുണ്ട്. ജിഷയുടെ മാതാവിന്റെ മാനസികാവസ്ഥ ശാന്തമായതിനാലാണ് ഇവരെ വീട്ടിലേക്ക് മാറ്റുന്നത്. ജിഷയുടെ കൊലപാതം നടന്നപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു രാജേശ്വരി. പരസ്പര വിരുദ്ധമായി പലതും പുലമ്പുകളും വാവിട്ട് കരയുകയും ചെയ്യുന്ന അവസ്ഥയിലായിരുന്ന.
ആശുപത്രിയില്‍ രാജേശ്വരിയെ സന്ദര്‍ശിക്കാനെത്തുന്നവരെ കെട്ടിപ്പിടിച്ച് വികാരഭരിതയായി അലമുറയിട്ട് കരഞ്ഞിരുന്ന രാജേശ്വരിയുടെ ആരോഗ്യ സ്ഥിതി ദിവസം ചെല്ലുന്തോറും വഷളായതോടെ ആശുപത്രിയില്‍ സന്ദര്‍ശകരെ നിരോധിച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളായി ആരേയും സന്ദര്‍ശനത്തിന് അനുവദിച്ചിരുന്നില്ല. മാനസികാവസ്ഥ ശാന്തമായതോടെ ഡോക്ടര്‍മാരുടെ നിര്ദ്ദേശാനുസരണമാണിപ്പോള് രാജേശ്വരിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചത്.