ജിഷയുടെ കൊലപാതകം: പെരുമ്പാവൂരില്‍ പ്രതിഷേധ പരമ്പര

ekm-perumbavoorപെരുമ്പാവൂര്‍: നിരവധി പ്രതിഷേധ പരിപാടികള്‍ക്ക് പെരുമ്പാവൂര്‍ ഇന്നലെയും സാക്ഷിയായി. ജിഷയുടെ കൊലയാളികളെ അറസ്റ്റു ചെയ്യുക, കേസന്വേഷണത്തില്‍ അനാസ്ഥ കാണിച്ച പോലീസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുക, അന്വേഷണം മികച്ച സംഘത്തിനു കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധ പരിപാടികള്‍. പ്രതിഷേധം പൊതുവെ സമാധാനപരമായിരുന്നു.

ഇന്നലെ രാവിലെ തന്നെ പിഡിപിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം തുടങ്ങി. ഒമ്പതോടെ എഐവൈഎഫിന്റെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം ഡിവൈഎസ്പി ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തി. തൊട്ടു പിന്നാലെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ഓഫീസിനു മുമ്പില്‍ എല്‍ഡിഎഫിന്റെ അനിശ്ചിതകാല രാപ്പകല്‍സമരം തുടരുകയാണ്.

നിരവധി വിദ്യാര്‍ഥി സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മകളും പ്രതിഷേധവുമായി ഇന്നലെ രംഗത്തെത്തി. വൈകുന്നേരം കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് കെഎച്ച്എസ്എസ് പ്രതിഷേധ പ്രകടനം നടത്തി. ജിഷയുടെ ഘാതകരുടെ പ്രതീകാത്മക കോലവുമായി വിദ്യാര്‍ഥികളും തെരുവിലിറങ്ങി. സ്വജന സമുദായ സംഘടനയും പ്രതിഷേധത്തില്‍ പങ്കെടുത്തു. വൈകുന്നേരം അഞ്ചോടെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നു.

Related posts