ആലപ്പുഴ: പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടിയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തിനു വീഴ്ച സംഭവിച്ചെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ വിശദമായ അന്വേഷണത്തിന് വിദഗ്ധ സംഘം ഇന്ന് മെഡിക്കല്‍ കോളജിലെത്തും. മെഡിക്കല്‍ എജ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. ശ്രീകുമാരി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണത്തിന് ഇന്ന് മെഡിക്കല്‍ കോളജിലെത്തുന്നത്. ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. ആര്‍. ജയലേഖ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എം. റംലയ്ക്ക് പ്രിന്‍സിപ്പല്‍ കൈമാറിയ അന്വേഷണ റിപ്പോര്‍ട്ട് അവര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവനു സമര്‍പ്പിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് വിശദമായ അന്വേഷണത്തിനു ജോയിന്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയത്. അതീവ ഗൗരവമായ കൊലപാതകകേസില്‍ വേണ്ടത്ര ഗൗരവം നല്കാതെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസോസിയേറ്റ് പ്രഫസര്‍ പൂര്‍ണമായും പങ്കെടുത്തില്ലെന്നും പറയുന്നു. ഗുരുതരമായ കേസില്‍ സ്ഥലപരിശോധനയ്ക്കും പോയില്ല. പകരം പിജി വിദ്യാര്‍ഥിയെ അയച്ചതും തെളിവുശേഖരണത്തില്‍ വീഴ്ച വരുത്തിയതു സംബന്ധിച്ചും റിപ്പോര്‍ട്ടിലുണ്ട്. മെഡിക്കല്‍ ക്ലാസ് എടുക്കാനുണ്ടായിരുന്നതിനാലാണ് പൂര്‍ണസമയം പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അസോസിയേറ്റ് പ്രഫസര്‍ നല്കിയിരുന്ന വിശദീകരണം. മൃതദേഹം ഏറ്റുവാങ്ങിയതും പിജി വിദ്യാര്‍ഥിയാണ്. നാലുപേരുള്ള ഫോറന്‍സിക് വിഭാഗത്തിലെ ആരും ഈ സമയം ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. ഗൗരവമായ കേസായിട്ടു കൂടി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിനു കൈമാറുന്നതില്‍ കാലതാമസം വന്നതായും റിപ്പോര്‍ട്ടിലുണ്ട്. 29നു പോസ്റ്റ്‌മോര്‍ട്ടം നടന്നിട്ടും അഞ്ചാം ദിവസമാണ് റിപ്പോര്‍ട്ട് കൈമാറിയത്.