പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ജിഷയുടെ മാതാവ് ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ പോലീസ് തീരുമാനം. ഇതിനിടെ, ജിഷയുടെ കൊലപാതകത്തില്‍ പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിനും മകനും ബന്ധമുണ്ടെന്നു ചില കേന്ദ്രങ്ങള്‍ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്കു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പരാതി നല്‍കി.
ജിഷയുടെ സഹപാഠികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടക്കുന്നത്. കൊലപാതകം നടന്നിട്ട് ഒരു മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. നിലവിലുള്ള സംഘത്തെ മുഴുവന്‍ മാറ്റിയാണ് പുതിയ സംഘത്തെ അന്വേഷണം ഏല്‍പ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
അതേസമയം, ജിഷയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ എല്‍ഡിഎഫ് നടത്തി വരുന്ന രാപകല്‍ സമരം ഇന്ന് അവസാനിപ്പിക്കും. ഇന്നു രാവിലെ പത്തിനു പെരുമ്പാവൂരിലെത്തുന്ന പി.കെ ശ്രീമതി എംപി സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കും. ജിഷയുടെ കൊലയാളികളെ കണ്ടുപിടിക്കുക, കുടുംബത്തിന് നീതി നടപ്പാക്കുക, അന്വേഷണം വനിതാ ഉദ്യോഗസ്ഥര്‍ക്കു കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. അന്വേഷണച്ചുമതല എഡിജിപി ബി.സന്ധ്യക്കു കൈമാറിയ സാഹചര്യത്തിലാണു രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.