പന്തളം: ജീവനക്കാരന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍ പോയതു മൂലം പന്തളം നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയ പൊതുജനങ്ങള്‍ വലഞ്ഞു. രാവിലെയെത്തിയവര്‍ മണിക്കൂറുകള്‍ കാത്തിട്ടും ഉദ്യോഗസ്ഥരെത്താതെ വന്നതോടെ നിരാശരായി മടങ്ങുകയായിരുന്നു. ഓഫീസിലെ ക്ലാര്‍ക്കിന്റെ വിവാഹം ഇന്നലെ കരുനാഗപ്പള്ളിയിലാണ് നടന്നത്. 30ഓളം ജീവനക്കാരുള്ളതില്‍ സെക്രട്ടറി അടക്കം ഭൂരിപക്ഷം പേരും ചടങ്ങില്‍ പങ്കെടുക്കാനായി പോയി. അവധിയെടുത്തായിരുന്നു യാത്രയെന്നാണ് പറയുന്നത്.
ജീവനക്കാരുടെ കൂട്ട അവധിയൊന്നുമറിയാതെ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരാണ് വലഞ്ഞത്. മാര്‍ച്ച് മാസം പകുതി പിന്നിട്ടതിനാല്‍ ഓഫീസില്‍ പല ആവശ്യങ്ങള്‍ക്കെത്തിയവര്‍ ഏറെയായിരുന്നു. കൗണ്‍സിലര്‍മാരും ഒന്നടങ്കം ചടങ്ങിനായി പോയതോടെ അനാഥാവസ്ഥയിലായിരുന്നു നഗരസഭാ കാര്യാലയം. താത്കാലിക ജീവനക്കാരടക്കം ഏതാനും പേര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ഫ്രണ്ട് ഓഫീസിന്റെ പ്രവര്‍ത്തനവും ഏറെക്കുറെ നിശ്ചലമായിരുന്നുവെന്നാണ് പരാതി.