ജെയ്പൂര്‍: ജലക്ഷാമം അതിരൂക്ഷമായ മഹാരാഷ്ട്രയിലേക്ക് രാജസ്ഥാനില്‍നിന്നു കുടിവെള്ള ടാങ്കറുകളുമായി ട്രെയിന്‍ പുറപ്പെട്ടു. 50 വാഗണുകളിലായി 27ലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് വരള്ച്ചകൊണ്ടു പൊറുതിമുട്ടിയ മറാത്ത്വാഡയിലേക്കു കൊണ്ടുപോകുന്നത്. രാജസ്ഥാനിലെ കോട്ട റെയില്‍വേസ്റ്റേഷനില്‍നിന്നു പുറപ്പെട്ട ട്രെയിന്‍ 1370 കിലോമീറ്റര്‍ പിന്നിട്ട് മിറാജ് സ്റ്റേഷനിലെത്തും. ഈമാസം എട്ടിനാണ് വെള്ളവുമായി ആദ്യ ട്രെയിന്‍ മഹാരാഷ്ട്രയില്‍ എത്തിയത്. അതിനുശേഷം രണ്ടു ട്രെയിന്‍കൂടി വെള്ളവുമായി എത്തി. ലാത്തൂര്‍ റെയില്‍വേസ്റ്റേഷനു സമീപം വലിയ ജലസംഭരണി നിര്‍മിച്ചിട്ടുണ്ട്. ഇതിലേക്കാണ് ട്രെയിനില്‍ എത്തിക്കുന്ന ജലം ശേഖരിക്കുക. ഇവിടെനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ജലം വിതരണം ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളം എത്തിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം കോട്ട റെയില്‍വേ സ്റ്റേഷനില്‍ 50 ടാങ്കര്‍ വീതമുള്ള രണ്ടു ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ഒരു വാഗണില്‍ 54,000 ലിറ്റര്‍ വെള്ളം കൊണ്ടുപോകാന്‍ സാധിക്കും.
ഇതേസമയം, ലാത്തൂരിലേയും സമീപ പ്രദേശങ്ങളിലേയും കുടിവെള്ള ക്ഷാമത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ബിജെപി മന്ത്രിക്കു ഹെലിപാഡ് തയാറാക്കുന്നതിന് 10,000 ലിറ്റര്‍ ശുദ്ധജലം പാഴാക്കി. ഒരിറ്റുവെള്ളത്തിനുവേണ്ടി ദാഹിക്കുന്ന ലാത്തൂരില്‍നിന്നു വെറും 40 കിലോമീറ്റര്‍ മാത്രം അകലെ ബെല്കുണ്ടിലാണു റവന്യു മന്ത്രി ഏകനാഥ് ഖാദ്സെയുടെ സൗകര്യത്തിനുവേണ്ടി കുടിവെള്ളം പാഴാക്കിയത്. ലാത്തൂരിലെ കുടിവെള്ള ക്ഷാമത്തിന് ചെറിയ ഒരു ആശ്വാസമെന്ന നിലയില്‍ കഴിഞ്ഞദിവസമാണ് കുടിവെള്ളവുമായി ആദ്യമായി ട്രെയിന്‍ എത്തിനയത്.