പാവറട്ടി: ജൈവപച്ചക്കറി കൃഷി പരിപാലനത്തില്‍ വെങ്കിടങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാമഭാരതി ചാരിറ്റബിള്‍ സൊസൈറ്റിക്ക് ജില്ലാതല അംഗീകാരം. സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം ജില്ലാതലത്തില്‍ സ്ഥാപനങ്ങളിലെ പച്ചക്കറി കൃഷിക്കുള്ള രണ്ടാം സമ്മാനം ഗ്രാമഭാരതിക്കാണ്. ഇന്ന് ചമ്പൂക്കാവ് കാര്‍ഷിക സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍വച്ച് അവാര്‍ഡ് സമ്മാനിക്കും. തരിശായി കിടന്നിരുന്ന അരയേക്കറോളം സ്ഥലത്താണ് ജൈവപച്ചക്കറികൃഷി കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കിയിട്ടുള്ളത്.
ഗ്രാമഭാരതിക്കു കീഴിലുള്ള സദ്ഗമയ ബാലികാ സദനത്തിലെ അന്തേവാസികളായ അട്ടപ്പാടി വനമേലയിലെ വിവിധ ഊരുകളില്‍നിന്നുള്ള 23 വിദ്യാര്‍ഥിനികളാണ് ജൈവപച്ചക്കറി കൃഷിയുടെ പരിപാലനത്തിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി മാതൃസമിതിയും ഒപ്പമുണ്ട്. പ്ലാസ്റ്റിക് പൊതയിടല്‍ നടത്തി വെണ്ട, വഴുതന, പയര്‍, പച്ചമുളക്, തക്കാളി തുടങ്ങിയവയാണ് കൃഷി ചെയ്തിട്ടുള്ളത്. വെള്ളവും വളവും ഓരോ ചെടിക്കും ലഭിക്കാവുന്ന തുറസായ സ്ഥലത്തെ കൃത്യതാ കൃഷിയാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്. പച്ചക്കറി കൃഷിക്കാവശ്യമായ ജൈവവളവും ജൈവകീടനാശിനിയും ഇവിടെ തന്നെയാണ് നിര്‍മിക്കുന്നത്.
ഇവിടെ വളര്‍ത്തുന്ന വെച്ചൂര്‍ ഇനം പശുക്കളുടെ ചാണകവും മൂത്രവും മണ്ണിര കമ്പോസ്റ്റും ജീവാമൃതവുമാണ് വളമായി പ്രധാനമായും ഉപയോഗിക്കുന്നത്. ബാലികാ സദനത്തില്‍ നടന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വെങ്കിടങ്ങ് കൃഷി ഓഫീസര്‍ ഡോ. എ.ജെ. വിവന്‍സി ഉദ്ഘാടനം ചെയ്തു. ഗ്രാമഭാരതി പ്രസിഡന്റ് ടി.എസ്. രാമകൃഷ്ണന് അധ്യക്ഷനായിരുന്നു. ഷീല പരമേശ്വരന്, പി.ആര്. നാരായണന്, രശ്മി പ്രവീണ്‍, ഷൈജ വിജയന് തുടങ്ങിയവര്‍ സംസാരിച്ചു. വിളവെടുത്ത് ജൈവപച്ചക്കറികള്‍ ബാലികാസദനത്തിലെ ആവശ്യങ്ങള്‍ക്ക് എടുത്തശേഷം ബാക്കിയുള്ളത് മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്ക് നല്കി വരുന്നുമുണ്ട്.