ടൂറിസം വികസനത്തിന് പദ്ധതിയെന്ന് മന്ത്രി; ശാസ്താം പാറയില്‍ ഓണനിലാവ് കൂടാന്‍ ആയിരങ്ങള്‍

tvm-ministerകാട്ടാക്കട :  വിളപ്പില്‍ പഞ്ചായത്തിലെ ശാസ്താംപാറയില്‍ ഒരുക്കിയ ഓണ നിലാവ് കാണാന്‍ ആയിരങ്ങള്‍ എത്തി. പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും ഇവിടയേക്ക് ഒഴുകിയെത്തിയ ജനം കണ്ടത് തികച്ചും ആസ്വാദ്യകരമായ അനുഭവങ്ങള്‍. വിളപ്പില്‍ ഗ്രാമ പഞ്ചായത്താണ് ‘ശാസ്താംപാറയില്‍ ഓണനി ലാവ്’ എന്ന പേരില്‍ സര്‍ക്കാര്‍ അനുമതിയോടെ  ഓണം വാരാഘോഷം ഒരുക്കിയത്. ശാസ്താംപാറയെ ലോകനിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതി എടുക്കുമെന്ന് ഇവിടം സന്ദര്‍ശിച്ച വിനോദ സഞ്ചാര വകുപ്പ് മന്ത്രി എ.സി. മൊയ്ദീന്‍  പറഞ്ഞു.

അഡ്വഞ്ചര്‍ ടൂറിസത്തിന് അനുയോജ്യമായ ഭൂപ്രകൃതിയാണ് ശാസ്താംപാറയിലേത്. കടുമ്പു പാറയുമായി ശാസ്താംപാറയെ ബന്ധിപ്പിക്കുന്ന റോപ് വേ സംവിധാനവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഘോഷങ്ങള്‍ വീക്ഷിക്കാന്‍ മന്ത്രി എ.സി. മൊയ്ദീന്‍, ഡോ എ. സമ്പത്ത് എംപി, ഐ.ബി. സതീഷ് എംഎല്‍എ,  ടൂറിസം ഡയറക്ടര്‍ ജോസ്, എസ്ബിറ്റി ചീഫ് ജനറല്‍ മാനേജര്‍ എന്‍.കെ. ഭട്ടാചാര്യ, ചീഫ് മാനേജര്‍ ആദികേശന്‍, എന്നിവര്‍ കുന്നിന്‍ മുകളിലെത്തി.ശാസ്താംപാറയ്‌ക്കൊപ്പം സമീപത്തെ കടുമ്പു പാറയിലും വൈദ്യുത ദീപാലങ്കാരം ഒരുക്കിയിരുന്നു.

വാരാഘോഷത്തോടനുബന്ധിച്ച് വിപണനമേള, ഭഷ്യമേള, കലാമത്സരങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. നഗരത്തില്‍നിന്നു തെക്കു പടിഞ്ഞാറു മാറിയാണ്  വിളപ്പില്‍ പഞ്ചായത്തിലെ കരുവിലാഞ്ചിയില്‍ സ്ഥിതിചെയ്യുന്ന ശാസ്താംപാറ. സമുദ്രനിരപ്പില്‍നിന്ന് 1800 അടി ഉയരമുള്ള പാറക്കൂട്ടങ്ങളില്‍ നിന്നാല്‍ 360 ഡിഗ്രിയില്‍ നാലു ദിക്കും കാണാം. പാറയ്ക്കു മുകളില്‍ വെള്ളക്കെട്ടും ധര്‍മശാസ്താ ക്ഷേത്രവും തണുപ്പും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. വളരെ കാലമായി സന്ദര്‍ശകര്‍ എത്തുന്ന ഇവിടെ അടുത്തിടെയാണ് പഞ്ചായത്ത് വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്.. അങ്ങിനെയാണ് ഓണ നിലാവ് നടത്തിയത്.

Related posts