ട്രെയിനില്‍ നിന്നു ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവ് ട്രാക്കില്‍ വീണു മരിച്ചു; യാത്രക്കാര്‍ രക്ഷിക്കാന്‍ ഓടിയെത്തിയെങ്കിലും ഫഌറ്റ്‌ഫോമിനിടയിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു

ktm-accidentകോട്ടയം: പ്ലാറ്റ് ഫോമില്‍ നിന്നു മുന്നോട്ട് എടുക്കുന്നതിനിടെ ട്രെയിനില്‍ നിന്നു ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവ് ട്രാക്കില്‍ വീണു മരിച്ചു. തിരുവനന്തപുരം ജഗതി സ്വദേശി സുധീഭവനില്‍ വിജിത്ത് ലാല്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.06ന് ചങ്ങനാശേരി റെയില്‍വേ സ്‌റ്റേഷനിലായിരുന്നു അപകടം. ചങ്ങനാശേരിയില്‍ നടക്കുന്ന ഇഎംഎസ് ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് തിരുവനന്തപുരത്തുനിന്നു വേണാട് എക്‌സ്പ്രസില്‍ വന്നതായിരുന്നു വിജിത്ത്. മൊബൈലില്‍ പാട്ടുകേട്ട് ഉറങ്ങിപ്പോയ വിജിത്ത് ചങ്ങനാശേരിയില്‍ ട്രെയിന്‍ നിര്‍ത്തിയത് അറിഞ്ഞില്ല.

ട്രെയിന്‍ മുന്നോട്ടെടുക്കുന്നതിനിടെ കണ്ണുതുറന്നപ്പോഴാണ് ഇറങ്ങേണ്ട സ്ഥലം മനസിലായത്. പെട്ടെന്ന് ട്രെയിനില്‍ നിന്നു ചാടി ഇറങ്ങിയ വിജിത്ത് കാല്‍ തെറ്റി പ്ലാറ്റ് ഫോമിനിടയിലേക്ക് വീഴുകയായിരുന്നു. പഌറ്റ് ഫോമില്‍ നിന്ന യാത്രക്കാര്‍ രക്ഷിക്കാന്‍ ഓടിയെത്തിയെങ്കിലും പഌറ്റ് ഫോമിനും ട്രെയിനും ഇടയിലൂടെ ഇയാള്‍ ട്രാക്കിലേക്ക് വീണു. വിജിത്തിന്റെ ബാഗില്‍ ഫുട്‌ബോള്‍ ടീമുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയതിനാല്‍ ഫുട്‌ബോള്‍ മത്സരത്തിനെത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. മൃതദേഹം ട്രാക്കില്‍ നിന്നും ഒന്നാം പഌറ്റ്‌ഫോമിലെ റെയില്‍വേ പോലീസ് ഓഫീസിലേക്ക് മാറ്റി. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.

Related posts