ട്രോളിംഗ് കഴിഞ്ഞു : ബോട്ടുകള്‍ കടലില്‍ ഇറങ്ങി

alp-chakaraഅമ്പലപ്പുഴ : 45ദിവസത്തെ ട്രോളിംഗ് നിരോധനത്തിനുശേഷം കേരളതീരത്തുനിന്നും മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറങ്ങി. നിരോധന കാലയളവില്‍ കായലുകളിലും ഹാര്‍ബറുകളിലും നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ ഇന്ധനം നിറച്ച് ഇന്നലെ അര്‍ധരാത്രിയോടെയാണ് കടലില്‍ ഇറക്കിയത്. നീണ്ടകര, തോട്ടപ്പള്ളി, കൊച്ചി, ഹാര്‍ബറുകളില്‍ നിന്നായി നൂറുകണക്കിനു ബോട്ടുകളാണ് ഇന്നലെ കടലില്‍ ഇറക്കിയത്. രണ്ടുദിവസത്തിനുശേഷം ബോട്ടുകള്‍ കരയ്ക്കടുക്കുവാന്‍ തുടങ്ങും. ഇതോടെ വിപണിയില്‍ ഇപ്പോഴുള്ള മത്സ്യക്ഷാമത്തിനു അറുതി വരും.

ചെമ്മീന്‍, കണവ, മാന്തല്‍, ആവോലി, അയല, സ്രാവ്, ചൂര, നെമ്മീന്‍ തുടങ്ങിയ മുന്തിയ ഇനം മത്സ്യക്കൊയ്ത്തിലാണ് ബോട്ടുകളുടെ പ്രതീക്ഷ. അതേസമയം ബോട്ടുകള്‍ കടലിലിറക്കിയതോടെ വള്ളങ്ങളില്‍ പണിയെടുക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്. ബോട്ടുകള്‍ സുലഭമായി മത്സ്യം കരയ്ക്കത്തിക്കുന്നതോടെ തങ്ങള്‍ പിടിച്ചു കൊണ്ടുവരുന്ന മീനുകള്‍ക്ക് ആവശ്യക്കാരില്ലാതാകുമെന്ന ആശങ്കയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അലട്ടുന്നത്.

ട്രോളിംഗ് നിരോധന കാലയളവില്‍ പ്രതീക്ഷയ്‌ക്കൊത്ത് ചെമ്മീന്‍ അടക്കമുള്ള മത്സ്യങ്ങള്‍ കിട്ടാതിരുന്നതും ഇവര്‍ക്കു തിരിച്ചടിയായി. പ്രധാന ചാകര സ്ഥലമായ പുന്നപ്ര ചള്ളിയില്‍ ജില്ലയുടെ നാനാഭാഗത്തു നിന്നും നൂറുകണക്കിനു വള്ളങ്ങളെത്തിയെങ്കിലും ഏതാനും ചില വള്ളങ്ങള്‍ക്കു മാത്രമാണ് മത്സ്യക്കൊയ്ത്തു ലഭിച്ചത്. മറ്റുള്ളവര്‍ക്കു ലക്ഷങ്ങളുടെ ബാധ്യതയാണ് ഉണ്ടായതെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Related posts