ഡിഫ്തീരിയ: പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവര്‍ക്കായി പ്രത്യേക ക്യാമ്പ്

KKD-DIFTHERIAകൊച്ചി: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എ.ജി. രാജമാണിക്യം നിര്‍ദേശം നല്‍കി. ജില്ലയില്‍ കുത്തിവയ്പ് എടുക്കാത്ത ആയിരത്തോളം കുട്ടികളുണെ്ടന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. മതവിശ്വാസവുമായി ബന്ധപ്പെട്ടാണ് അത്തരം നടപടിയെങ്കില്‍ മതമേലധ്യക്ഷന്മാരെ കൂടി ഉള്‍പ്പെടുത്തി ഇതിനു പരിഹാരം കാണാനാണ് ശ്രമം. ഇതോടൊപ്പം സര്‍ക്കാര്‍തല ബോധവത്ക്കരണവും നടത്തും.

ആവശ്യമെങ്കില്‍ ഓരോ പ്രദേശത്തും പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും കുടുംബങ്ങളും താമസിക്കുന്ന പ്രദേശങ്ങളില്‍ അവരുടെ കുട്ടികള്‍ക്കായി പ്രത്യേക ക്യാമ്പ് നടത്തും. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ താലൂക്ക് ആശുപത്രികളില്‍ വരെ സൗകര്യമേര്‍പ്പെടുത്തും. ഇതോടൊപ്പം മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണവും ക്യാമ്പുകളും നടത്തും.

ആംഗന്‍വാടികളിലുള്ള കുട്ടികളില്‍ ചിലര്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരയെും പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുത്തിവയ്പ് നല്‍കും. മലയിടംതുരുത്ത്, നെട്ടൂര്‍, കോതമംഗലം, വേങ്ങൂര്‍, പറവൂര്‍ എന്നിവിടങ്ങളില്‍ കുത്തിവയ്പ് എടുക്കാത്തവര്‍ ഉണെ്ടന്നാണ് ലഭിക്കുന്ന വിവരം.

കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് അതിന്റെ പ്രാധാന്യം കാണിച്ച് ജില്ലാ കളക്ടര്‍ കത്തെഴുതും. സ്കൂള്‍ അസംബ്ലികളില്‍ അതിന്റെ പ്രാധാന്യം വിവരിക്കുന്ന വിശദീകരണവും നല്‍കും. എല്ലാ ആരോഗ്യ വിഭാഗങ്ങളുടേയും ജില്ലാതല ഉദ്യോഗസ്ഥര്‍ കുത്തിവയ്പിന്റെ പ്രാധാന്യം വിവരിക്കുന്ന ലഘുലേഖകള്‍ പുറത്തിറക്കാനും തീരുമാനമായിട്ടുണ്ട്.

യോഗത്തില്‍ ഡിഎംഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, ഹോമിയോ ഡിഎംഒ ഡോ. രാമചന്ദ്രവാര്യര്‍, ആയുര്‍വേദ സിഎംഒ ഡോ. സജീവ്കുമാര്‍, ഐഎപി പ്രതിനിധി ഡോ. കെ.എസ്. കമ്മത്ത്, ഡോ. സൈറ ബാനു, ഡോ. ശാന്തകുമാരി, ജനറല്‍ ആശുപത്രി ആര്‍എംഒ ഡോ. ഹനീഷ്, എംഇഎസ് ജില്ലാ പ്രസിഡന്റ് ടി.എം. സക്കീര്‍ ഹുസൈന്‍, സെക്രട്ടറി എം.എം. അഷറഫ്, എസ്‌വൈഎസ്. ജില്ലാ പ്രസിഡന്റ് സി.ടി. ഹാഷിം തങ്ങള്‍, എ.കെ. സിറാജുദ്ദീന്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍, ഹയര്‍ സെക്കന്‍ഡറി മേഖല അസി. ഡയറക്ടര്‍ ലിജി ജോസഫ്, ബന്ധപ്പെട്ട വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts