ന്യൂഡല്‍ഹി: പുതിയ വീഡിയോ ഡോര്‍ ഫോണുമായി സീബ്രോണിക്‌സ്. സെബ്–വിഡി4 സ്മാര്‍ട്ട് എന്ന സ്മാര്‍ട്ട് ഡോര്‍ കാമറയില്‍ ആധുനിക സംവിധാനങ്ങളെല്ലാം കോര്‍ത്തിണക്കിയിട്ടുണ്ട്. വീടിനും മറ്റും മതിയായ സുരക്ഷ നല്കാന്‍ കെല്‍പുള്ള സെബ്–വിഡി4 സ്മാര്‍ട്ടില്‍ എല്‍സിഡി ഡിസ്‌പ്ലേ, ആലാറം, 4.3 ഇഞ്ച് സ്ക്രീന്‍, വൈഡ് ആംഗിള്‍ കാമറ, ഇരുണ്ട മുറികള്‍ക്കായി ഇന്‍ഫ്രാ റെഡ് എല്‍ഇഡി, ഇലക്ട്രോണിക്‌സ് ഡോര്‍ അണ്‍ലോക്ക് എന്നിവയുണ്ട്. വാതിലിനു മുന്നിലുള്ളവയുടെ വ്യക്തവും കൃത്യവുമായ ദൃശ്യങ്ങള്‍ നല്കാന്‍ കഴിയുന്ന സെബ്–വിഡി4 സ്മാര്‍ട്ടിന് വൈഡ് ആംഗിള്‍ കാമറ നല്കിയിരിക്കുന്നതിനാല്‍ കാമറയ്ക്കു മുന്നിലുള്ള പൂര്‍ണ ദൃശ്യങ്ങള്‍ കാണാനാകും.
ഇന്‍ഫ്രാറെഡ് എല്‍ഇഡി ഉള്ളതിനാല്‍ വെളിച്ചക്കുറവുണ്ടെങ്കിലും വ്യക്തതയുള്ള ദൃശ്യങ്ങള്‍ നല്കാന്‍ കഴിയും. കൂടാതെ റിമോട്ട് ലോക്കിംഗ് സിസ്റ്റംകൂടിയുള്ളതിനാല്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചാല്‍ ആലാറം മുഴങ്ങും. വീടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി തയാറാക്കിയ ഈ ഉപകരണത്തിന് 4,800 രൂപയാണ് വില.