കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സ്വന്തമായി വീടില്ലാത്ത തനിക്ക് പത്ത് സെന്റ് ഭൂമി സൗജന്യമായി അനുവദിച്ച സര്‍ക്കാരിനും തനിക്കുമെതിരെ ചിലര്‍ കുപ്രചാരണം നടത്തുകയാണെന്ന് ഒളിമ്പ്യന്‍ പി.ടി.ഉഷ പത്രക്കുറിപ്പില്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ പ്രശസ്തരായ കായികതാരങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം നല്കുന്നുണ്ട്. എനിക്ക് ഇതുവരെ ഭൂമി ലഭിച്ചിട്ടില്ല. നഗരത്തില്‍ പലയിടത്തുമുള്ള റവന്യൂ ഭൂമി വീട് വയ്ക്കാന്‍ പറ്റാത്തത് ആയതിനാല്‍ വെസ്റ്റ്ഹില്‍ ടെക്‌നിക്കല്‍ സ്കൂളിന്റെ കൈവശമുള്ള ഭൂമിയില്‍ ഇരുപത് സെന്റ് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. മുന്‍ ജില്ലാ കളക്ടര്‍ സി.എ.ലത മുന്‍കൈയെടുത്ത് താന്‍ ചൂണ്ടിക്കാണിച്ച വെസ്റ്റ്ഹില്‍ ടെക്‌നിക്കല്‍ സ്കൂളിന്റെ പത്ത് സെന്റ് അനുവദിക്കാന്‍ ശിപാര്‍ശ ചെയ്തു.
ടെക്‌നിക്കല്‍ സ്കൂളിന്റെ കൈവശമുള്ള 1.43 ഏക്കറില്‍ നിന്നാണ് റോഡ് സൗകര്യമുള്ള പത്ത് സെന്റ് അനുവദിച്ചത്. ഇത് കോളജ് ഗ്രൗണ്ടാണെന്ന് പറഞ്ഞ് ചില മഞ്ഞപത്രങ്ങളും തത്പരകക്ഷികളും തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. ഇതുമൂലം പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ പഠിയ്ക്കുന്ന ഉഷാ സ്കൂളിന്റെ പ്രവര്‍ത്തനം നിന്നുപോകുന്ന അവസ്ഥയിലാണ് ഉഷാ പ്രസ്താവനയില്‍ വിശദീകരിച്ചു.
അതേസമയം ടെക്‌നിക്കല്‍ സ്കൂളിന്റെ കൈവശമുള്ള 1.43 ഏക്കര്‍ ഭൂമി, കോളജ്ഗ്രൗണ്ട് അടക്കമുള്ളതാണെന്നും ഇതില്‍ നിന്ന് ഒരിഞ്ചുപോലും വിട്ടുതരില്ലെന്നും പ്രിന്‍സിപ്പല്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ എന്നിവരടങ്ങുന്ന സംഘം, ബുധനാഴ്ച സംസ്ഥാന ബാലാവകാശ കമ്മീഷനെ നേരില്‍ ബോധ്യപ്പെടുത്തിയിരുന്നു.