അങ്കമാലി: തന്നെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിയില്‍ യാതൊരുവിധ എതിര്‍പ്പും ഇല്ലെന്ന് ജോസ് തെറ്റയില്‍. മറ്റു പേരുകള്‍ പരിഗണനയിലുണ്ട് എന്നതു മാധ്യമ സൃഷ്ടി മാത്രമാണ്. തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ സ്ഥാനാര്‍ഥിത്വത്തെ ബാധിക്കില്ല. തന്നെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സിപിഎമ്മിനാണു കൂടുതല്‍ താത്പര്യമെന്നും തെറ്റയില്‍ പറഞ്ഞു.
അങ്കമാലിയില്‍ ജോസ് തെറ്റയിലിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ജോസ് തെറ്റയിലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ അങ്കമാലിയില്‍ വ്യാപക പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു. സേവ് എല്‍ഡിഎഫ് എന്ന പേരില്‍ അടിച്ചിട്ടുള്ള പോസ്റ്ററില്‍ ലൈംഗീക ആരോപണം നേരിട്ടയാളെ സ്ഥാനാര്‍ഥിയാക്കുന്നത് അങ്കമാലിക്ക് അപമാനമാണെന്നു പറഞ്ഞിരുന്നു.
ജനതാദള്‍ സംസ്ഥാന കമ്മിറ്റി അങ്കമാലിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടാന്‍ തീരുമാനിച്ചിരുന്നു. എറണാകുളം വൈഎംസിഎ ഹാളില്‍ ചേരുന്ന ജില്ലാ കമ്മിറ്റി യോഗം സ്ഥാനാര്‍ഥിയെ സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.