വടക്കഞ്ചേരി: വടക്കഞ്ചേരി വഴി കടന്നുപോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ രാത്രികാലത്ത് വടക്കഞ്ചേരി ടൗണ്‍ ഒഴിവാക്കി പോകുന്നത് ബസ് ജീവനക്കാരും യാത്രക്കാരും തമ്മില്‍ തര്‍ക്കത്തിനും പ്രതിഷേധത്തിനും കാരണമാകുന്നു. കെഎസ്ആര്‍ടിസി വടക്കഞ്ചേരി ഡിപ്പോയില്‍നിന്നുള്ള ബസുകള്‍ ഉള്‍പ്പെടെ മറ്റു ജില്ലകളിലെ ഡിപ്പോകളില്‍നിന്നുള്ള ബസുകളെല്ലാം രാത്രിസമയങ്ങളില്‍ തോന്നുംമട്ടിലാണ് സര്‍വീസ് നടത്തുന്നതെന്നാണ് പരാതി. ബസുകാത്ത് ടൗണിലെ സ്റ്റോപ്പുകളില്നിന്നാല് ബസ് ടൗണ്‍ റോഡില്‍ കയറാതെ ദേശീയപാത വഴി പോയിട്ടുണ്ടാകും.
ദേശീയപാത റോയല്‍ ജംഗ്്ഷനില്‍ നിന്നാല്‍ ബസ് ടൗണിലൂടെ കയറിപോകുന്ന സാഹചര്യവുമുണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു. കുട്ടികളും സ്ത്രീകളും പ്രായമായവരുമായി രാത്രിസമയം വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ കയറാനും ഇറങ്ങാനും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ദേശീയപാത റോയല്‍ ജംഗ്്ഷനില്‍ ഇറങ്ങിയാല്‍ തന്നെ ഇവിടെ യാത്രക്കാര്‍ക്ക് കയറിനില്ക്കാന് ഇടമില്ല. മഴയുള്ള സമയമാണെങ്കില്‍ എല്ലാം നനഞ്ഞ് ദുരിതം കൂടും. വടക്കഞ്ചേരി വഴി കടന്നുപോകുന്ന കെഎസ്ആര്‍ടിസി ബസുകളെല്ലാം ദേശീയപാതയ്ക്കടുത്തെ ഡിപ്പോയില്‍ കയറിപോകുന്നതിനുള്ള നടപടിയുണ്ടായാല്‍ അത് യാത്രക്കാര്‍ക്കു സൗകര്യമാകും.
എഴുപതു കിലോമീറ്റര്‍ വരുന്ന തൃശൂര്‍-പാലക്കാട് റൂട്ടില്‍ മറ്റെവിടെയും കെഎസ്ആര്‍ടിസി ഡിപ്പോകളില്ലാത്തതിനാല്‍ ബസ് ജീവനക്കാര്‍ക്കും അത് ഉപകാരപ്രദമാകും. ഡിപ്പോയില്‍ വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ യാത്രക്കാര്‍ സ്റ്റാന്‍ഡില്‍ വന്നുപോകുകയും അത് ഡിപ്പോയുടെ വളര്‍ച്ചയ്ക്കും വേഗത കൂട്ടും. പ്രധാന റോഡുകളില്‍നിന്നും വളരെ ദൂരക്കൂടുതലുള്ള ഡിപ്പോ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡുകളിലെല്ലാം കയറിപോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ വടക്കഞ്ചേരിയെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം.