പാവറട്ടി: സ്വന്തം വീട്ടില്‍ നിന്നും കുടിയിറക്കപ്പെട്ട അനാഥയായ വയോവൃദ്ധ ദുരിതത്തില്‍. പൂവത്തൂര്‍ തിരുനെല്ലൂരില്‍ പറക്കാട്ടില്‍ പരേതനായ കുമാരന്റെ ഭാര്യ ശാരദ(67)യാണ് ദുരിതജീവിതം നയിക്കുന്നത്. മക്കളില്ലാത്ത ശാരദ 36 വര്‍ഷം താമസിച്ച വീട്ടില്‍ നിന്നും കോടതിവിധിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇറങ്ങി കൊടുക്കേണ്ടി വരികയായിരുന്നു. ശാരദയുടെ ഭര്‍ത്താവ് കുമാരന്റെ ഇളയച്ചന്‍ വേലുവിന്റെ മരണപത്രപ്രകാരം 65 സെന്റ് സ്ഥലവും തീറായി വാങ്ങിയ 12 സെന്റ് സ്ഥലവും ഉള്‍പ്പെടെ 77 സെന്റ് സ്ഥലത്തായിരുന്നു ഇവരുടെ വീട്.
വേലുവിന്റെ മറ്റ് ബന്ധുക്കള്‍ ഈ ഭൂമിയില്‍ അവകാശതര്‍ക്കം ഉന്നയിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കേസ് നടത്തിയിരുന്ന കുമാരന് രണ്ടു വര്‍ഷം മുമ്പ് അസുഖം ബാധിച്ച് മരിച്ചു. കുമാരന്റെ ആകസ്മിക മരണത്തോടെ ഒറ്റപ്പെട്ട ശാരദക്ക് ഈ കേസുകളെ കുറിച്ചൊന്നും കാര്യമായ അറിവ് ഉണ്ടായിരുന്നില്ല. കോടതിയില്‍ പലതവണ എതിര്‍കക്ഷിയായ ശാരദ ഹാജരാകാതിരുന്നതോടെ വീടും സ്ഥലവും പരാതിക്കാര്‍ക്ക് അനുവദിച്ചു കൊണ്ടുള്ള കോടതി വിധിയാണ് ഉണ്ടായതെന്ന് പറയുന്നു. കോടതിയില്‍ നിന്ന് ആമീനും പോലീസും പരാതിക്കാരും എത്തി കഴിഞ്ഞദിവസം ശാരദയെ വീട്ടില്‍ നിന്നു ഇറക്കിവിട്ട് വീട് പൂട്ടുകയായിരുന്നുവത്രെ.
അപ്പോള്‍ മാത്രമാണ് ശാരദ കോടതിവിധി അറിയുന്നത്. വീട്ടുസമഗ്രികളോ വസ്ത്രങ്ങളോ ഒന്നും വീട്ടില്‍ നിന്നും എടുക്കാന്‍ ശാരദക്ക് കഴിഞ്ഞില്ല.ഇപ്പോള്‍ അയല്‍വാസിയായ തിരുവാമഠത്തില്‍ ബാലന്റെ വീട്ടിലാണ് താല്‍ക്കാലികമായി താമസിക്കുന്നത്. രോഗിയായ ശാരദ പിള്ളാട്ടില്‍ കുടുംബ ക്ഷേത്രത്തില്‍ കഴകപ്പണിയെടുത്താണ് ജീവിച്ചു വരുന്നത്. തന്റെ ഭര്‍ത്താവ് പണം മുടക്കി വാങ്ങിയ 12 സെന്റ് ഭൂമിയെങ്കിലും തിരികെ ലഭിക്കുന്നതിന് നടപടി ഉണ്ടാകണമെന്നതാണ് ശാരദയുടെ അപേക്ഷ. ഇതുമായി ബന്ധപ്പെട്ട ആധാരമടക്കമുള്ള രേഖകള്‍ ശാരദയുടെ കൈവശമുണ്ട്. എന്നാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിനുള്ള അറിവോ പണമോ ശാരദയുടെ പക്കലില്ല. സന്നദ്ധ സംഘടനകളില്‍ നിന്നും സൗജന്യ നിയമസഹായം ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് ശാരദ.