തലയോലപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസും ക്വാളിസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു;അഞ്ചുപേര്‍ക്ക് പരിക്ക്; ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍

ktm-accidentതലയോലപ്പറമ്പ്/ഗാന്ധിനഗര്‍: തലയോലപ്പറമ്പ്- എറണാകുളം റോഡില്‍ വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസും ക്വാളിസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.     ഇന്നു രാവിലെ 7.30നായിരുന്നു അപകടം. കോട്ടയത്തുനിന്നും എറണാകുളത്തേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മലപ്പുറത്തു നിന്നു കോട്ടയത്തേക്ക് വരികയായിരുന്ന ക്വാളിസ് വാനിലിടിച്ച ശേഷം നിയന്ത്രണംവിട്ട് ബൈക്ക് യാത്രക്കാരനെ  ഇടിച്ച് തെറിപ്പിച്ച് പാലത്തിന്റെ സംരക്ഷണ തൂണിലിടിച്ച് നില്‍ക്കുകയായിരുന്നു.

ക്വാളിസ് ഓടിച്ചിരുന്ന മലപ്പുറം സ്വദേശിയായ മലപ്പുറം എആര്‍ ക്യാമ്പ് ഉദ്യോഗസ്ഥന്‍ മങ്കട കളത്തിങ്കല്‍ വീട്ടില്‍ സലാവുദ്ദീന്‍ (30), ബൈക്ക് യാത്രക്കാരനായ യുവാവ് എന്നിവരാണ് മരിച്ചത്. യുവാവിനെ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ക്വാളിസ് യാത്രക്കാരായ നാലുപേരെയും ബസ് യാത്രക്കാരനായ ഒരാളെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കളത്തിങ്കല്‍ അബ്്ദുള്‍ റസാഖ്(49), ഷാഹിത(48), ഇവരുടെ ബന്ധു ഹാഷിം(21), ബസ് യാത്രക്കാരനായ എസ്എച്ച് മൗണ്ട് സ്വദേശി സതീഷ് കുമാര്‍(28), എന്നിവര്‍ക്കാണ് പരിക്കേറ്റത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വെട്ടിക്കാട്ട് മുക്ക് മഠത്തികാലായില്‍ അബ്ദുള്‍ അസീസി(53)നു പരിക്കേറ്റു. വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ വാന്‍ വെട്ടി പ്പൊളിച്ചാണ് പുറത്തെടുത്തത്.

വെട്ടിക്കാട്ട് മുക്ക് ബസ്‌സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് അമിതവേഗ ത്തിലായിരുന്നു വെന്ന് നാട്ടുകാര്‍ പറഞ്ഞു. തലയോലപ്പറമ്പ് പോലീസും കടുത്തുരുത്തി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടത്തെ തുടര്‍ന്ന് തലയോലപ്പറമ്പ്-എറണാകുളം റൂട്ടില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Related posts