തലശേരി: തലശേരി നഗരവും തലശേരി, മട്ടന്നൂര്‍, കൂത്തുപറമ്പ്, ധര്‍മടം അസംബ്ലി മണ്ഡലത്തിലെ 16 ഗ്രാമപഞ്ചായത്തുകളും അടങ്ങുന്ന 14 വൈദ്യുതി സെക്ഷന്‍ ഓഫീസുകളുടെ കേന്ദ്രഓഫീസായ മിനി വൈദ്യുതി ഭവനം ഉദ്ഘാടനം ആറിനു രാവിലെ 10 ന് വൈദ്യുതമന്ത്രി കടകംപള്ളി സുരേന്ദ്രന് തലശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും.
14 സെന്റ് സ്ഥലത്തു മൂന്നുനിലകളിലായി 4,800 ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ തലശേരി ഇലക്ട്രിക്കല്‍ ഡിവിഷന്, സബ് ഡിവിഷന്, മറ്റ് അനുബന്ധ ഓഫീസുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിങ്ങനെയാണു സംവിധാനം ചെയ്തിട്ടുള്ളതെന്ന് എന്‍. ഷംസീര്‍ എംഎല്‍എ, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിജു ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
2015 ഏപ്രില്‍ 17 ന് നിര്‍മാണമാരംഭിച്ച കെട്ടിടം 18 മാസം കൊണ്ടാണു കരാറുകാരായ എം.സി ലക്ഷ്മണന് ആന്‍ഡ് കമ്പനി പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഒരുകോടി 40 ലക്ഷം രൂപയായിരുന്നു നിര്‍മാണ ചെലവ്. രണ്ടുലക്ഷം വൈദ്യുതി ഉപയോക്താക്കളാണു തലശേരി മിനി വൈദ്യുതി ഭവനത്തിനു കീഴില്‍ വരിക.
ഉദ്ഘാടന ചടങ്ങില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തും. നിര്‍മാണ വിഭാഗം ചീഫ് എന്‍ജിനിയര്‍ പി.സുചിത്ര റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെഎസ്ഇബി ബോര്‍ഡ് ലിമിറ്റഡ് ഡയ—റക്ടര്‍ എന്‍.വേണുഗോപാല്‍, ഡിസ്ട്രിബ്യൂഷന്‍ വിഭാഗം ചീഫ് എന്‍ജിനിയര്‍ പി.കുമാരന് എന്നിവര്‍ പ്രസംഗിക്കും.