തളിപ്പറമ്പ്: മെയിന്‍റോഡിലും കോര്‍ട്ട് റോഡിലും അനധികൃതമായി പാര്‍ക്ക് ചെയ്ത ഇരുചക്രവാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. മെയിന്‍ റോഡില്‍ ബസ് ബേയില്‍ നിര്‍ത്തിയിടുന്ന ബൈക്കുകള്‍ കാരണം ഇവിടെ ബസുകള്‍ക്ക് നിര്‍ത്തി ആളുകളെ കയറ്റാനും ഇറക്കാനും സാധിക്കുന്നില്ലെന്ന് പരാതികള്‍ വ്യാപകമായിരുന്നു. മൂന്നു ബസുകള്‍ക്ക് ഒരേസമയം നിര്‍ത്തിയിടാന്‍ പാകത്തില്‍ പണിതീര്‍ത്ത ബസ് ബേയില്‍ അനധികൃത പാര്‍ക്കിംഗ് പാടില്ലെന്ന് ബോര്‍ഡും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ ലംഘിച്ചായിരുന്നു പാര്‍ക്കിംഗ്.
ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി. രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘം മിനി ലോറികളിലാണ് അനധികൃതമായി പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. 15 ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തതായും ഉടമസ്ഥര്‍ എത്തിയാല്‍ പിഴ ഈടാക്കി മാത്രമേ ഇവ വിട്ടുനല്‍കുകയുള്ളൂ. അടുത്ത ദിവസങ്ങളിലും അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു.