തിയറ്ററുകള്‍ വീണ്ടും സമരത്തിലേക്ക്

ekm-theatureകൊച്ചി: മേയ് രണ്ടിനുള്ളില്‍ ഇ-ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കാത്ത തിയറ്ററുകള്‍ക്ക് ടിക്കറ്റുകള്‍ സീല്‍ ചെയ്തുനല്‍കാത്ത സാഹചര്യത്തില്‍  രണ്ടുമുതല്‍ തിയറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതായി കേരളത്തിലെ എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ സാംസ്കാരിക ക്ഷേമനിധി സെസ്, ഇ-ടിക്കറ്റ് എന്നിവയ്‌ക്കെതിരെ മേയ് അഞ്ചുമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച സ്വകാര്യ സ്ഥാപനത്തിന്റെ ഇ-ടിക്കറ്റിംഗ് മെഷീനും സോഫ്റ്റ്‌വെയറും സ്ഥാപിക്കാത്ത തിയറ്ററുകള്‍ക്ക് മേയ് രണ്ടു മുതല്‍ ടിക്കറ്റ് സീല്‍ ചെയ്ത് നല്‍കേണ്ടതില്ല എന്ന തീരുമാനം നിലവില്‍ വരികയാണ്. സര്‍ക്കാര്‍ ഏകപക്ഷീയമായി നിര്‍ദേശിക്കുന്ന ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കാന്‍ തിയറ്ററുടമകള്‍ ഒരുക്കമല്ല. ഈ സാഹചര്യത്തില്‍ ടിക്കറ്റിംഗ് മെഷീന്‍ വയ്ക്കാത്ത തിയറ്ററുകള്‍ക്ക് ടിക്കറ്റുകള്‍ സീല്‍ ചെയ്തു കിട്ടാതെ വരും. ടിക്കറ്റ് സീല്‍ ചെയ്ത് ലഭിക്കാതിരുന്നാല്‍ സ്വാഭാവികമായി മേയ് രണ്ടു മുതല്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാകും.

ഇ-ടിക്കറ്റിംഗ് വരുന്നതിനെ തിയറ്ററുടമകള്‍ പൂര്‍ണമായി അനുകൂലിക്കുന്നു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുള്ള ഏതാനം തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും നിലവില്‍ ഇ-ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ ഇവിടങ്ങളിലുള്ള നിലവിലെ ടിക്കറ്റ് മെഷീന് പകരം സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന കമ്പനിയുടെ ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തും.

നികുതി വെട്ടിപ്പ് നടത്താന്‍ വേണ്ടിയാണ് തിയറ്ററുടമകള്‍ ഇ-ടിക്കറ്റ് മെഷീനെ എതിര്‍ക്കുന്നതെന്ന നിര്‍മാതാക്കളും വിതരണക്കാരും ഉള്‍പ്പെടുന്ന സംഘടനകളുടെ ആരോപണം ശരിയല്ല. നിലവില്‍ തിയറ്ററുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടിക്കറ്റ് മെഷീനുകളില്‍ തദ്ദേശസ്ഥാപനങ്ങളുമായും, നിര്‍മാതാക്കള്‍, വിതരണക്കാര്‍ എന്നിവരുമായി ലിങ്ക് സ്ഥാപിക്കാന്‍ സാധിക്കും. അത് വഴി വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കും.

സര്‍ക്കാര്‍ തെരഞ്ഞെടുത്ത സ്ഥാപനം തിയറ്ററിലെ കഫെറ്റീരിയ ബിസിനസ് തുടങ്ങി കിയോസ്കുകള്‍ വരെ നിയന്ത്രിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല ടിക്കറ്റ് ഒന്നിന് കമ്പനിക്ക് 50 പൈസ നല്‍കുകയും വേണം. അത് അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ തങ്ങളുടെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിച്ചുകൊണ്ട് ഒന്നിലധികം സോഫ്റ്റ്‌വെയറുകള്‍ക്ക് അംഗീകാരം കൊടുക്കണം. അതില്‍ നിന്ന് ഒരു സോഫ്റ്റ്‌വെയര്‍ തിരഞ്ഞെടുക്കാനുള്ള അവകാശം തിയറ്ററുകള്‍ക്ക് നല്‍കണം.

അതല്ലാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി നിര്‍ദേശിക്കുന്ന കമ്പനിയെ അംഗീകരിക്കില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഇ-ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കില്ല എന്ന കാര്യത്തില്‍ കേരളത്തിലെ തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും ഏകാഭിപ്രായക്കാരാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളില്‍ നേരത്തെ തന്നെ ഇ-ടിക്കറ്റിംഗ് സംവിധാനം നിലവിലുണ്ടെന്നും പുതിയ മെഷീന്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളെ പ്രതിനിധീകരിച്ചെത്തിയ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Related posts