തിരുവനന്തപുരത്ത് നഴ്‌സിംഗ് കോളജിലെ 85 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

foodതിരുവനന്തപുരം: നഴ്‌സിംഗ് കോളജിലെ രണ്ട് ആണ്‍കുട്ടികളുള്‍പ്പെടെ 85 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ബിഎസ്‌സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളാണ് ഇവരെല്ലാം. ഇതില്‍ 60 വിദ്യാര്‍ഥികളെ അഡ്മിറ്റ് ചെയ്തു. ബാക്കിയുള്ളവര്‍ നിരീക്ഷണത്തിലാണ്. ആരുടേയും അവസ്ഥ ഗുരുതരമല്ല. രണ്ട് അധ്യാപകര്‍ക്കും അസ്വസ്ഥത ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എല്‍. നിര്‍മല അറിയിച്ചു.

ശനിയാഴ്ച കോളജില്‍ നടന്ന ബിരുദദാനച്ചടങ്ങിനോടനുബന്ധിച്ച് കഴിച്ച ഭക്ഷണത്തില്‍ നിന്നായിരിക്കാം വിഷബാധയേറ്റതെന്ന് സംശയിക്കുന്നു. കാമ്പസിന് പുറത്തുനിന്നായിരുന്നു അന്ന് ഇവര്‍ക്കുള്ള ഭക്ഷണം കൊണ്ടു വന്നത്. ഈ കുട്ടികളില്‍ പലരും വീട്ടില്‍ പോയിരുന്നു. രാത്രിയില്‍ പല കുട്ടികള്‍ക്കും അസ്വസ്ഥതയുണ്ടായതായി പറയുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുതലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായ് എത്തിയത്. ഏതു ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് പരിശോധിച്ചു വരികയാണ്.

Related posts