തിരുവല്ല ഡിപ്പോയില്‍ ഡ്രൈവര്‍മാരില്ല, സര്‍വീസുകള്‍ പതിവായി മുടങ്ങുന്നു

ALP-KSRTCതിരുവല്ല: ബസുകളുടെയും ഡ്രൈവര്‍മാരുടെയും കുറവ് തിരുവല്ല ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളെ ബാധിക്കുന്നു. തിരുവല്ല – മല്ലപ്പള്ളി, തിരുവല്ല – തകഴി തുടങ്ങിയ സര്‍വീസുകളാണ് തടസപ്പെടുന്നത്.78 ഷെഡ്യുളുകളില്‍ 62 എണ്ണം മാത്രമെ നിലവില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നുള്ളൂ. 226 കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും വേണ്ട സ്ഥാനത്ത് 183 കണ്ടക്ടറും 175 ഡ്രൈവറും മാത്രമേ ഡിപ്പോയ്ക്ക് അനുവദിച്ചിട്ടുള്ളൂ. ഇതില്‍ ദീര്‍ഘകാല അവധിക്കു പോയവരും ആരോഗ്യകാരണങ്ങളാല്‍ അവധി എടുത്തവരുമാണ് ഏറെയും.

താത്കാലിക ജീവനക്കാരെ അടക്കം നിയമിച്ചിട്ടും നിലവിലെ ഷെഡ്യുളുകള്‍ പൊതുജനത്തിന് ഗുണകരമാം വിധം ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല. സ്‌റ്റേഷന്‍മാസ്റ്റര്‍ ഇല്ലാത്തതിനാല്‍ സാധാരണ ഡ്യൂട്ടിയിലുള്ള കണ്ടക്ടര്‍മാര്‍ തന്നെയാണ് ആ ജോലിയും ചെയ്യുന്നത്. 83 ബസുകള്‍ ഉള്ളതില്‍ 75 എണ്ണം മാത്രമേ പലപ്പോഴും റോഡില്‍ ഇറക്കാന്‍ സാധിക്കുന്നുള്ളു. തിരുവല്ലയില്‍ നിന്ന് മല്ലപ്പള്ളിയിലേക്ക് ആറ് ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോഴാകട്ടെ രണ്ട് ബസുകള്‍ മാത്രമാണ് ഓടുന്നത്.

ബസുകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ ട്രിപ്പുകള്‍ പലതും വെട്ടികുറച്ചു. ഇത് യാത്രാദുരിതത്തിന് ഇടയാക്കുന്നു. ചെയിന്‍ സര്‍വീസുകളായി മല്ലപ്പള്ളി – തിരുവല്ല – കായംകുളം റൂട്ടില്‍ ആരംഭിച്ച ബസുകള്‍ നിലച്ചു. പകരം തിരുവല്ല – മല്ലപ്പള്ളി ആയും മല്ലപ്പള്ളിയില്‍ നിന്ന് ചുങ്കപ്പാറയിലേക്കുമായി പുനഃക്രമീകരിച്ച ഷെഡ്യൂളുകളും നിലച്ച മട്ടാണ്.തിരുവല്ലയില്‍ നിന്ന് പായിപ്പാട്, കുന്നന്താനം വഴി മല്ലപ്പള്ളി ഭാഗത്തേക്കുള്ള സര്‍വീസിലൂടെ മെച്ചപ്പെട്ട വരുമാനമാണ് ലഭിച്ചിരുന്നത്. ബസുകളുടെ എണ്ണം കുറഞ്ഞതോടെ 20 ട്രിപ്പുകള്‍ മാത്രമാണ് ഇതുവഴി ഓടാന്‍ കഴിയുന്നത്. ഇത് ഡിപ്പോയുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറഞ്ഞത് സ്വകാര്യ ബസുകള്‍ക്ക് ചാകരയായി മാറി. യാത്രക്കാരെ കുത്തി നിറച്ചുകൊണ്ടാണ് ഇവയില്‍ പലതും ഇതുവഴി രാവിലെയും വൈകുന്നേരങ്ങളിലും സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസി ബസില്‍ പോകേണ്ടവരാണ് സര്‍വീസ് മുടക്കം കാരണം ഇവ കാത്ത് നില്‍ക്കാതെ സ്വകാര്യ ബസുകളില്‍ കയറി പറ്റുന്നത്. ഡ്രൈവര്‍മാരുടെ കുറവ് പ്രാദേശിക സര്‍വീസുകള്‍ മുടങ്ങുന്നതിനാണ് ഇടയാക്കുന്നത്. 40 പേരുടെ കുറവാണ് ഡിപ്പോയിലുള്ളത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഒഴികെയുള്ളവയെ ഇത് ബാധിച്ചിട്ടുണ്ട്.

വരുമാനമുള്ള റൂട്ടുകള്‍ പോലും ഇതുമൂലം ഓടാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നതായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു. പുതിയ സര്‍വീസുകള്‍ക്കുള്ള നിര്‍ദേശങ്ങളും പ്രാവര്‍ത്തികമായിട്ടില്ല. റാന്നി ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ ഡീസല്‍ അടിക്കുന്നതിനായി തിരുവല്ലയിലെത്തുന്നുണ്ട്. ഇവയുടെയും റാന്നിയിലേക്ക് നിലവിലുള്ള ബസുകളുടെയും സമയം പുനഃക്രമീകരിച്ച് തിരുവല്ല – റാന്നി റൂട്ടില്‍ ചെയിന്‍സര്‍വീസിനുള്ള നിര്‍ദേശം നടപ്പാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.

Related posts