ഷൊര്‍ണൂര്‍: തീവണ്ടികളില്‍ മോഷണം പെരുകുന്നു. വിലപിടിപ്പുള്ള മോഷണങ്ങള്‍ മാത്രമാണ് പരാതികളായി അധികൃതരുടെ മുന്നിലെത്തുന്നുള്ളു. എന്നാല്‍ പല മോഷണങ്ങളും പുറത്തറിയാതെ പോകുന്നതിനു കാരണം പരാതിപ്പെടാന്‍ ആളുകള്‍ മടിക്കുന്നതുകൊണ്ടാണ്.മൊബൈല്‍, ബാഗ്, മോഷണങ്ങള്‍ തീവണ്ടികളില്‍ വ്യാപകമായിരിക്കുകയാണ്. പാസഞ്ചര്‍ ട്രെയിനുകളിലാണ് ഇതു കൂടുതലെന്നു പറയപ്പെടുന്നു. മധ്യവേനല്‍ അവധിക്കാലമായതിനാല്‍ തീവണ്ടികളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും തിരക്ക് കൂടുതലാണ്.
ഇവരില്‍നിന്നാണ് മേല്‍പറഞ്ഞവ പ്രധാനമായും അപഹരിക്കുന്നത്. കുട്ടികളുടെ പക്കലുള്ള മൊബൈലുകളും സ്ത്രീകളുടെ ചെറിയ ബാഗുകളും മാത്രം മോഷ്ടിക്കുന്ന മോഷ്ടാക്കള്‍ തീവണ്ടികളില്‍ വ്യാപകമാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. മോഷണം നടത്തികഴിഞ്ഞാല്‍ അടുത്ത സ്‌റ്റേഷനിലോ വണ്ടി വേഗത കുറയ്ക്കുമ്പോഴോ രക്ഷപ്പെടുന്ന പ്രകൃതമാണ് മോഷ്ടാക്കള്‍ക്കുള്ളത്.ചെറിയ മോഷണങ്ങളായതിനാല്‍ പരാതിപ്പെടാന്‍ ആളുകള്‍ മടിക്കുന്നത് മോഷ്ടാക്കള്‍ക്ക് കൃത്യം തുടരുന്നതിനു കൂടുതല്‍ പ്രചോദനമാകുകയാണ്.പരാതിയില്ലാത്തതിനാല്‍ പോലീസും പ്രശ്‌നത്തില്‍ ഇടപെടാറില്ല.
തീവണ്ടികളില്‍ യാചകരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇവരിലും മോഷ്ടാക്കളുണ്ട്. തീവണ്ടികളില്‍ പോലീസ് സാന്നിധ്യം കുറവാണെന്നതും മുഖ്യപ്രശ്‌നമാണ്. പോക്കറ്റടിക്കാര്‍ക്കും മയക്കുമരുന്ന് വില്പനക്കാര്‍ക്കുമെല്ലാം തീവണ്ടികളില്‍ ഇപ്പോള്‍ സൈ്വരവിഹാരം നടത്താന്‍ എളുപ്പമാണ്. ദീര്‍ഘദൂര ട്രെയിനുകള്‍ കേന്ദ്രീകരിച്ചും മോഷണം പതിവാണ്. ഇത്തരം ട്രെയിനുകളില്‍ പോക്കറ്റടിയാണ് വ്യാപകം.