തീവ്രവാദ ആരോപണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തണം: കെഎന്‍എം

KNR-KNMപെരിങ്ങത്തൂര്‍: പരസ്പരം തീവ്രവാദ ആരോപണത്തിലൂടെ മുസ്‌ലിം സമുദായത്തെ ഇസ്‌ലാം വിരുദ്ധ ലോബിക്ക് വിട്ടുകൊടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കെഎന്‍എം പെരിങ്ങത്തൂരില്‍ സംഘടിപ്പിച്ച ആദര്‍ശ വിശദീകരണ സമ്മേളനം ആവശ്യപ്പെട്ടു. തീവ്രവാദ ആരോപണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തണം.

സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി സമുദായ സംഘടനകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അപലനീയമാണ്. തീവ്രവാദ ചിന്തകളുടെ വേരുകള്‍ പിഴുതറിയാന്‍ നീക്കം നടത്തുന്നതോടൊപ്പം നിരപരാധികള്‍ വേട്ടയാടപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം. ഭീകരവേട്ടയുടെ പേരില്‍ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാകേന്ദ്രങ്ങളേയും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും താറടിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. മതസൗഹാര്‍ദ്ദത്തെ ഹനിക്കുന്ന പ്രവര്‍ത്തനങ്ങള്‍, മതപ്രബോധകരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

സമ്മേളനം കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫിക്കര്‍ അലി, ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, കെഎന്‍എം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഡോ. എ.എ. ബഷീര്‍, ഉനൈസ് പാപ്പിനിസേരി, അബ്ദുള്‍ സത്താര്‍ കൂളിമാട്, കെഎന്‍എം ജില്ലാ സെക്രട്ടറി ഇസ്ഹാഖലി കല്ലിക്കണ്ടി, ജോ. സെക്രട്ടറി സി.എച്ച്. ഇസ്മായില്‍ ഫാറൂഖി, കബീര്‍ കരിയാട്, അലി കുയ്യാലില്‍ പ്രസംഗിച്ചു.

Related posts