കോഴിക്കോട്: ഇസ്ലാമിക സ്റ്റേറ്റിന്റെ (ഐഎസ്) കേരള ഘടകമായ അന്‍സാര്‍ ഉള് ഖലീഫയില്‍ കുറ്റിയാടിയില്‍ നിന്നും കുടുതല്‍ പേര് ഉള്‍പ്പെട്ടതായ നിഗമനത്തിലെത്തിയ എന്‍ഐഎ നിലവില്‍ പിടിയിലായവരുടെ ബന്ധുക്കള്‍ക്കായി തെരച്ചില്‍ തുടങ്ങി. വളയന്നൂരിലെ നങ്ങിലക്കണ്ടി ജാസിം, പിതൃ സഹോദര പുത്രന് റംഷാദ് എന്നിവരെയാണ് നേരത്തെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായ രണ്ടുപേര്‍ക്കായാണ് എന്‍ഐഎ വലവിരിച്ച് കാത്തിരിക്കുന്നത്.
യുവാക്കള്‍ രണ്ടുപേരും നിലവില്‍ ഖത്തറിലാണുള്ളത്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എന്‍ഐഎ ആരംഭിക്കുമെന്നാണ് അറിയുന്നത്. ജാസിമിനെ റംഷാദിനെയും പോലെ ഇവര്‍ രണ്ടുപേരും തീവ്ര മതസംഘടനയില്‍ വിശ്വസിക്കുന്നവരാണ്. ഇവരുടെ നിലപാടുകളും വേഷവിധാനവും അതീവ തീവ്രമായതാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ജാസിമിന്റെയം റംഷാദിന്റെയും സമപ്രായക്കാരായ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടിട്ടുണ്ടൊയെന്ന് എന്‍ഐഎ അന്വേഷിച്ചുവരികയാണ്. ഇവരുടെ സ്വഭാവ രീതിയും വിദേശത്തെ ജോലിയെക്കുറിച്ചും എന്‍ഐഎസംഘം വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. പുറംലോകവുമായി അധികം ബന്ധം പുലര്‍ത്താത്ത ഇവര്‍ കുറ്റിയാടി പ്രദേശങ്ങളില്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഐഎസ് പ്രചാരണം നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ മറവില്‍ കുറ്റിയാടി പ്രദേശങ്ങൡ ഐഎസ് പ്രചാരം ഇവര്‍ നടത്തിയിട്ടുണ്ടോയെന്നും സംഘം അന്വേഷിച്ചു വരികയാണ്. അന്‍സാര്‍ ഉള് ഖലീഫയ്ക്ക് സംസ്ഥാനത്ത് ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. തീവ്ര നിലപാട് സ്വീകരിക്കുന്ന മതസംഘടനയുടെ സാംസ്കാരിക ഘടകമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. സാംസ്കാരിക പരിപാടികളുമായി മുന്നോട്ട് പോകുന്ന ഇത്തരം സംഘം ഇതിരാളികളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതിന് പരിശീലനം നേടിയവരുമായിരിക്കും. കുറ്റിയാടിയിലെ ഒരു പള്ളി ഖത്തീബിനെ ഐഎസ് ബന്ധം സംശയിച്ച് നേരത്തെ പോലീസ് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. തീവ്ര നിലപാട് സ്വീകരിക്കുന്ന ഖത്തീബ് ഇന്നലെ പള്ളിയില്‍ നടന്ന പ്രഭാഷണത്തില്‍ ഇതിനെതിരെ വൈകാരികമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
മത വിശ്വാസത്തില്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന താന്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കില്ലെന്ന് തൊണ്ടയിടറിയാണ് ഖത്തീബ് ഇന്നലെ പ്രസംഗിച്ചത്. അതേസമയം കേരളത്തില്‍ അന്‍സാര്‍ ഉള് ഖലീഫയുടെ വളര്‍ച്ച ഗൗരവത്തോടെ കാണുന്ന എന്‍ഐഎ സംഘം കുറ്റിയാടി, കണ്ണൂര്‍, കാസര്‍ഗോഡ് മേഖല കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുമുണ്ട്. പ്രദേശത്ത് ഇവരെ സഹായിക്കാന്‍ വേറെയും ചിലരുണ്ടാകുമെന്ന വിശ്വസത്തിലുറച്ച് നില്‍ക്കുകയാണ് എന്‍ഐഎ. തീവ്ര മതസംഘടനകളുടെ പ്രവര്‍ത്തനവും നേരത്തെ സിമി പോലുള്ള നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചവരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
ഇത്തരത്തില്‍ എന്‍ഐഎ നിരീക്ഷിക്കുന്നവരുടെ ഫോണ്‍ വിളികളും സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലും കര്‍ശന നിരീക്ഷണത്തിലാണ്. ഇവരുടെ ഓരോ നീക്കവും സംഘം അതീവ ജാഗ്രതയോടെയാണ് നോക്കികാണുന്നത്. തീവ്ര മതനിലപാട് സ്വീകരിക്കുന്നവരുടെ സാമൂഹ്യ മാധ്യമ ഇടപെടലും നിരീക്ഷണത്തിലാണ്. സാമൂഹ്യ മാധ്യമങ്ങളിലെ രാജ്യദ്രോഹപരമായുള്ള പരാമര്‍ശങ്ങള്‍, തീവ്രനിലപാടിനെ അനുകൂലിക്കുന്ന പോസ്റ്റുകള്‍ എന്നിവയും എന്‍ഐഎ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്.