നാദാപുരം: ശക്തമായ വേനല്‍ തുടരുകയും തുലാ വര്‍ഷം ആരംഭിക്കാത്തതിനാലും ജല സംഭരണികളില്‍ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് വിലങ്ങാട് ജല വൈദ്യുത പദ്ധതിയിലെ പ്രതിസന്ധിയിലായി. പവര്‍ ഹൗസിലെ മൂന്ന് ജനറേറ്ററുകളില്‍ ഒന്നില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ വൈദ്യുതി ഉത്പാദനം നടക്കുന്നത്. 2.5 മെഗാവാട്ട് ഉത്പാദനശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് പവര്‍ ഹൗസില്‍ ഉള്ളത്. ഒരാഴ്ചകൂടി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് പാനോത്തെയും വാളൂക്കിലെയും തടയണകളില്‍ ശേഷിക്കുന്നത്.
കാലവര്‍ഷത്തിന്റെ തുടക്കം മുതല്‍ 15 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്ന് ഉത്പാദിപ്പിച്ചത്.
22.6 മില്യണ്‍ യൂണിറ്റ് ഉത്പാദനമാണ് വൈദ്യുതി ബോര്‍ഡ് ഇത്തവണ ലക്ഷ്യമിടുന്നത്.കഴിഞ്ഞ തവണ 12 മില്യണ്‍ യൂണിറ്റ് മാത്രമേ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. കാലവര്‍ഷം വൈകിയതിനാല്‍ കഴിഞ്ഞ തവണ പതിവിലും വൈകിയാണ് ഉത്പാദനം ആരംഭിച്ചത.് ഇത്തവണ തുലാവര്‍ഷം കാര്യമായി ലഭിച്ചില്ലെങ്കില്‍ ഉത്പാദനം പൂര്‍ണമായും തടസപ്പെടും.
വിലങ്ങാടുനിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യതി ഭൂഗര്‍ഭ കേബിളിലൂടെ ചിയ്യൂര്‍ സബ് സ്റ്റേഷന്‍വഴി പൊതു ഗ്രിഡിലേക്ക് കടത്തി വിട്ടാണ് വിതരണം ചെയ്യുന്നത്. മയ്യഴി പുഴയുടെ ഉത്ഭവകേന്ദ്രമായ പുല്ലുവാപുഴയുടെ വിവിധ ഭാഗങ്ങള്‍ ഇപ്പോള്‍ തന്നെ വറ്റിവരണ്ട് കിടക്കുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മേഖലയില്‍ വരള്‍ച്ചയും രൂക്ഷമായിട്ടുണ്ട്.