മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കിന്റെ നെല്ലറയായിരുന്ന തെങ്കരയില്‍ നെല്പാടങ്ങള് നാശത്തിലേക്ക്. വ്യാപതോതിലാണ് നെല്‍വയലുകളില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാര്‍ഷികമേഖലയാണ് ചിറപ്പാടം തോടുകാട് പാടശേഖരം. ചിറപ്പാടം പാടശേഖരസമിതിയുടെ പരിധിയില്‍ വരുന്ന ഈ പാടശേഖരത്തില്‍ ഭൂമാഫിയകള്‍ നെല്കൃഷിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ചുള്ള ഭൂമാഫിയയാണ് ഇതിനു പിറകിലെന്നു പറയുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാര്‍ഷിക ഭൂമിയില്‍ ഇവര്‍ മാവ്, പ്ലാവ്, വീട്ടി, മട്ടി, തേക്ക് തുടങ്ങിയവയാണ് വച്ചുപിടിപ്പിക്കുന്നത്.
പൂര്‍ണമായും കാര്‍ഷികമേഖലയായ പ്രദേശത്തെ പാടശേഖരത്തിനു നടുവില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് കൃഷിക്കാരെയും ഏറെ ബാധിക്കും. ഈ കൃഷിസ്ഥലത്തുനിന്നുള്ള മരങ്ങളിലെ ഇലകള്‍ വീണ് തങ്ങളുടെ കൃഷിപ്പാടങ്ങള്‍ ഉപയോഗയോഗ്യമല്ലാതാകുമെന്നും മറ്റു കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. ചിറപ്പാടം പാടശേഖരങ്ങളിലെ കൃഷിഭൂമികള്‍ സ്വകാര്യവ്യക്തികള്‍ വാങ്ങിക്കൂട്ടുകയാണ്. മിക്കവരും സ്ഥലം മറിച്ചുവില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്.