തെന്നിവിളാകം കുളം ശോചനീയാവസ്ഥയില്‍; അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍

tvm-kulamനേമം : നഗരസഭ എസ്റ്റേറ്റ് വാര്‍ഡിലുള്‍പ്പെടുന്ന തെന്നിവിളാകം കുളം ശോചനീയാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി.   കാട് കയറിയ  കുളം വൃത്തിയാക്കാന്‍ അധികൃതര്‍ ഇടപ്പെടുന്നില്ലെന്ന്  നാട്ടുകാര്‍ പരാതിപ്പെടുന്നു.   നേമം പഞ്ചായത്ത് മാറി നഗരസഭയുടെ ഭാഗമായിട്ട്  15 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തെന്നിവിളാകം  കുളം സംരക്ഷിക്കാന്‍  നഗരസഭയോ ജനപ്രതിനിധികളോ  തയാറാവുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ്   നാട്ടുകാര്‍ കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനും ഈ കുളത്തെയാണ് ആശ്രയിച്ചിരുന്നത്.

ഇന്ന് കുളത്തില്‍  മലിനജലം കെട്ടിനില്‍ക്കുകയാണ്.  കുളത്തിന്റെ വശങ്ങളില്‍ കാട് കയറിയും കുളത്തിന്റെ പല ഭാഗങ്ങളിലേയും ഭിത്തികള്‍ ഇടിഞ്ഞും  നശിച്ച നിലയിലാണ്. മലിന ജലം കെട്ടി കിടന്ന്   കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ്.  ഇതുകാരണം സമീപവാസികള്‍    ഏറെ ബുദ്ധിമുട്ടുകയാണ്. കുളം സംരക്ഷിക്കാതെ വന്നതോടെ മാലിന്യങ്ങള്‍ വ്യാപകമായി കൊണ്ടുതള്ളി ഈ ജലസ്രോതസിനെ മലിനമാക്കി.

കുളം നശിച്ചതോടെ സമീപത്തെ കോലിയക്കോട് പാടശേഖരത്തിലും കൃഷിക്ക് വെള്ളം കിട്ടാത്ത അവസ്ഥയാണിന്ന്. കുളം നശിച്ചതോടെ ഈ പ്രദേശത്തെ കിണറുകളിലും ജലനിരപ്പ് താഴ്ന്നുതുടങ്ങിയിരിക്കുകയാണ്. എത്രയും വേഗം കുളം ശുചീകരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Related posts