കോട്ടയം: നവമാധ്യമങ്ങളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ തയാറെടുക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഫഌക്‌സുകളും പോസ്റ്ററുകളും ബാനറുകളും ചുവരെഴുത്തുമൊക്കയായുള്ള പതിവു പ്രചാരണമാര്‍ഗങ്ങളില്‍ നിന്നു വ്യത്യസ്തത തേടുന്നതിനൊപ്പം തന്നെ പുതുതലമുറയെ ആകര്‍ഷിക്കുന്നതിനായിട്ടാണ് മുന്നണികളും പാര്‍ട്ടികളും നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തുന്നത്.
ചെലവ് കുറവിനൊപ്പം ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം ലഭിക്കുമെന്നതുമാണ് നവമാധ്യമങ്ങളിലൂടെയു ള്ള പ്രചാരണത്തോട് രാഷ്ട്രീപാര്‍ട്ടികള്‍ക്ക് താത്പര്യം വര്‍ധിക്കാന്‍ കാരണം. മാത്രവുമല്ല യുവജനങ്ങളെ കൂടുതലായി തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ അറിയിക്കാന്‍ കഴിയുമെന്നതും നവമാധ്യമ പ്രചാരണത്തിനു പ്രസക്തിയേറുന്നു.
ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ് എന്നിവയാണ് പ്രചാരണത്തിനായി മുന്നണികള്‍ ഉപയോഗിക്കുന്ന പ്രധാന നവമാധ്യമങ്ങള്‍.
ലൈക്കിലൂടെയും ഷെയറിംഗിലൂടെ യും പ്രചാരണ ആയുധങ്ങള്‍ കൂടുത ല്‍ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുമെന്നതാണ് നവമാധ്യമങ്ങളുടെ മറ്റൊരു പ്രത്യേകത. സ്ഥാനാര്‍ ഥികളെ നിശ്ചയിച്ചാലുടന്‍ ഫേസ്ബുക്ക് പേജ് ആരംഭിച്ച് പ്രചാരണം കൊഴുപ്പിക്കാന്‍ തയാറെടുക്കുകയാണ് മുന്നണികള്‍. സ്ഥാനാര്‍ഥികളാകാന്‍ തയാറെടുക്കുന്ന പലരും സ്വന്തമായി പേജ് തുടങ്ങി കഴിഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതലാണ് സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനു രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍തൂക്കം നല്‍കി തുടങ്ങിയത്. നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് എപ്പോഴും മുമ്പില്‍ നില്‍ക്കുന്നത് ഇടതുപക്ഷവും ബിജെപിയുമാണ്. യുഡിഎഫാകട്ടെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് നവമാധ്യമങ്ങളിലൂടെ ശ്രമിക്കുന്നത്. വികസന മുരടിപ്പ് ആരോപിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമാണ് ഇടതുപക്ഷവും ബിജെപിയും പ്രചരിപ്പിക്കുന്നത്. പല പാര്‍ട്ടികളും നവമാധ്യങ്ങളുടെ പ്രചരണത്തിനു പ്രത്യേകസംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.