കൊയിലാണ്ടി: രണ്ടുമാസത്തോളമായി പൂക്കാട്ട് അങ്ങാടിയിലെ കടവരാന്തയില്‍ കഴിയുന്ന സ്ത്രീ ബന്ധുക്കളെ തേടുന്നു. നാട്ടുകാരുടെ കാരുണ്യത്തില്‍ ഭക്ഷണവും മറ്റും നല്‍കുന്നുണ്ട്. ചേമഞ്ചേരി ബസ് സ്‌റ്റോപ്പിനുസമീപത്തെ തോടുപോലുള്ള സ്ഥലത്താണ് ഇവരുടെ കുളിയും മറ്റും. സ്ത്രീയുടെ അവസ്ഥ കണ്ട് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് വനിതാ സെല്ലില്‍ വിളിച്ചുപറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ലെന്ന് പറയുന്നു.
കഴിഞ്ഞ ദിവസം നാട്ടുകാരില്‍ ചിലര്‍ ചോദിച്ചപ്പോള്‍ ഫറോക്ക് സ്വദേശിനിയാണെന്നും വയലില്‍പ്പടി എന്നാണ് വീട്ടുപേരെന്നും കാര്‍ത്ത്യാനിയെന്നാണ് പേരെന്നും ഒരു മകന്‍ ഉണ്ടെന്നും പറഞ്ഞു. എന്നാല്‍, ശാരദയെന്നാണ് പേരെന്നും ഐക്കരപ്പടിയിലാണെന്നും, ഫറോക്ക് മണ്ണൂര്‍ തുമ്പപ്പാടം ശാന്തി കോളജിനടുത്താണ് വീടെന്നും മൊയ്തുമാപ്പിളയുടെ റേഷന്‍കടയുടെ അടുത്താണെന്നും പലരോരും പല രീതിയില്‍ പറയുന്നു|്.
നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ അറിയിച്ചതായും പറയുന്നു. കട തുറക്കുന്നതോടെ ഇവിടെനിന്നും പോകും. പിന്നീട് വൈകുന്നേരം തിരിച്ചെത്തും. സ്ത്രീകളെ സംരക്ഷിക്കാന്‍ പദ്ധതികളും സംഘടനകളുമുണ്ടെങ്കിലും ഇവരെ സംരക്ഷിക്കാന്‍ ഇപ്പോള്‍ നാട്ടുകാര്‍ മാത്രമാണുള്ളത്.