6.26 ലക്ഷത്തിന്റെ നെറ്റ് ബാങ്കിംഗ് തട്ടിപ്പ്: രണ്ടു ബംഗാളികള്‍ അറസ്റ്റില്‍; അറസ്റ്റിലായത് കോല്‍ക്കത്തയിലെ ഹുഗ്ലിയില്‍ നിന്ന്

netകോഴിക്കോട്: നെറ്റ് ബാങ്കിംഗിലൂടെ വിദേശ മലയാളിയുടെ 6.26 ലക്ഷം രൂപ തട്ടിയെടുത്ത അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ നടക്കാവ് എഡീഷണല്‍ എസ്‌ഐ എം. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കോല്‍ക്കത്തയിലെ ഹുഗ്ലിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഹുഗ്ലി ബന്‍സ്‌ബെരിയ ഗണേശ് ജൂക്ക്ചാല്‍ കോളനി സ്വദേശി ആനന്ദ് പാണ്ഡേ(24), ബെന്‍സ്ബരിയ ഷിബുപൂര്‍ ബൈലെയ്‌നിലെ മുകേഷ് ഗുപ്ത(24) എന്നിവരാണ് അറസ്റ്റിലായത്.

സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കാരപ്പറമ്പ് സ്വദേശി പാലത്തില്‍ ഗോപിനാഥന്റെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് സംഘം പണം തട്ടിയത്. ഇദ്ദേഹത്തിന്റെ ഇ മെയില്‍ ഐഡി ഹാക്ക് ചെയ്ത് രണ്ട് ബെനിഫിഷറി അക്കൗണ്ട് നിര്‍മിക്കുകയും ഇതില്‍നിന്ന് പ്രതികളില്‍ മൂന്നുപേരുടെ അക്കൗണ്ടിലേക്ക് പണം മാറ്റുകയുമായിരുന്നു. 2015 ജൂലൈ എട്ടിനാണ് നെറ്റ് ബാങ്കിംഗ് സംവിധാനത്തിലൂടെ പണം മാറ്റിയത്. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 2015 ജൂലൈ 20നാണ് ഗോപിനാഥന്‍ വിവരം അറിയുന്നത്. തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഇദ്ദേഹം 2016 ഫെബ്രുവരി മാസം നടക്കാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

2015 ജൂലൈ എട്ടിന് ഗോപിനാഥന്റെ ഇ മെയില്‍ ഐഡി ഉപയോഗിച്ച് ഹുഗ്ലിയില്‍ രണ്ടുപേരുടെ വിലാസത്തില്‍ ബെനിഫിഷറി അക്കൗണ്ട് തുറന്നതായി കണ്ടെത്തി. അന്ന് തന്നെ ആനന്ദ് പാണ്ഡേയുടെ അക്കൗണ്ടിലേക്ക് 1.49 ലക്ഷവും മുകേഷ് ഗുപ്തയുടെ അക്കൗണ്ടിലേക്ക് 1.27 ലക്ഷവും മാറ്റിയതായും അന്നുതന്നെ പണം പിന്‍വലിച്ചതായും കണ്ടെത്തി. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. അഷ്‌റഫിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഒരാഴ്ചയോളം ഹുഗ്ലിയില്‍ തങ്ങിയാണ് പ്രതികളെ കണ്ടെത്തിയത്.

ബെനിഫിഷറി അക്കൗണ്ട് തുറന്ന രണ്ടുപേരെയും തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രെയ്ന്‍ ആയ ഹുഗ്ലി സ്വദേശി ആലമിനെയും ഇനി പിടികിട്ടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ എ. ശ്രീനിവാസന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബി. പ്രകാശന്‍, നോര്‍ത്ത് ഷാഡോ പോലീസിലെ മുഹമ്മദ് ഷബീര്‍, രന്ദീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related posts