തെരുവുനായയെ വന്ധ്യംകരിക്കാനുള്ള ക്ലിനിക്കുകള്‍ ഒക്‌ടോബര്‍ ഒന്നിന് പുനരാരംഭിക്കും

EKM-DOGകോട്ടയം: നാടിനും നഗരത്തിനും ശല്യമായ തെരുവുനായകളുടെ നിയന്ത്രണത്തിനുളള വന്ധ്യംകരണ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ ഒക്‌ടോബര്‍ ഒന്നിന് പുനരാരംഭിക്കും. പഞ്ചായത്തു പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറും ആരോഗ്യ-മൃഗസംരക്ഷണ വകുപ്പ്-പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ അംഗങ്ങളായുമുളള മോണിറ്ററിംഗ് കമ്മിറ്റി എല്ലാ പഞ്ചായത്തുകളിലും അടിയന്തിരമായി രൂപീകരിക്കും.ഓരോ പഞ്ചായത്തിലും ഉടമസ്ഥരില്ലാതെ അലഞ്ഞ് നടക്കുന്ന നായ്ക്കളുടെ എണ്ണം, നായ്ക്കള്‍ കൂട്ടമായി കാണുന്ന പ്രദേശം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്തുകള്‍ ശേഖരിക്കും.

നായ്ക്കളെ പിടികൂടി വന്ധ്യംകരണ കേന്ദ്രത്തിലെത്തിക്കാന്‍ പ്രാപ്തിയും താല്പര്യവുമുള്ളവരെ കണ്ടെത്തേണ്ട ചുമതലയും പഞ്ചായത്തുകള്‍ക്കാണ്.  ഈ പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളുടെ പ്രത്യേകിച്ചും യുവജനങ്ങളുടെ പങ്കാളിത്തം കമ്മിറ്റി ഉറപ്പുവരുത്തണം. ഇവര്‍ക്കാവശ്യമായ ഉപകരണങ്ങളും വാഹനവും മൃഗസംരക്ഷണ വകുപ്പ് നല്‍കും. പരിയാരം, വാഴൂര്‍, കാഞ്ഞിരപ്പള്ളി, കടനാട്, വൈക്കം എന്നിവിടങ്ങളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. ഏഴ് ജീവനക്കാരും ഓപ്പറേഷനുള്ള സാങ്കേതിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഓരോ കേന്ദ്രത്തിലും ദിവസേന എട്ട് നായ്ക്കളെ വീതം വന്ധ്യംകരിക്കും. തുടര്‍ന്നുള്ള മൂന്നു ദിവസം അവയ്ക്ക് ഭക്ഷണവും മരുന്നും നല്‍കി പിടികൂടിയ സ്ഥലത്ത് തിരികെ എത്തിക്കും.

ഇവയെ പുനരധിവസിപ്പിക്കുന്നതിന് പ്രത്യേക കേന്ദ്രം തുടങ്ങാന്‍ ആലോചനയുണ്ടെന്നും ഇതിനായി രണ്ടേക്കറോളം സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ജില്ലാ കളക്്ടര്‍ സി.എ. ലത പറഞ്ഞു.തെരുവുനായ നിയന്ത്രണം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അനിവാര്യമായ കടമയാണെന്നും ഇതിനാവശ്യമായ തുക  എല്ലാ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മഞ്ചു സെബാസ്റ്റ്യന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം ഗോപാല്‍ എന്നിവരും പങ്കെടുത്തു.

Related posts