തൊഴില്‍ സമയക്രമീകരണം നടപ്പിലാക്കുന്നില്ല; വേനല്‍ ചൂടില്‍ വെന്തുരുകി തൊഴിലാളികള്‍

pkd-sunകൊട്ടാരക്കര: വേനല്‍ചൂട് അതികഠിനമായി വര്‍ധിച്ചതോടെ തൊഴില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തിക്കൊണ്ടുളള ലേബര്‍ കമ്മീഷണറുടെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നു. ഇതുമൂലം കൊടുംചൂടില്‍ വെന്തുരുകിയാണ് തൊഴിലാളികള്‍ പണിയെടുത്തുവരുന്നത്. തൊഴിലുടമകളും ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തൊഴില്‍ നിയമം അട്ടിമറിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്. കൊല്ലംജില്ലയില്‍ ഇപ്പോള്‍ ശരാശരി 34 ഡിഗ്രിയിലധികമാണ് ചൂടനുഭവപ്പെടുന്നത്. സാധാരണ മനുഷ്യന് താങ്ങാനാവുന്നതിലും അപ്പുറമാണിത്. ഇത് കണക്കിലെടുത്താണ് പകല്‍ ജോലിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമ സമയം അനുവദിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവ് മിക്ക തൊഴിലുടമകളും നടപ്പിലാക്കുന്നില്ല.

റോഡു നിര്‍മാണം , കെട്ടിട നിര്‍മാണം,കരിങ്കല്‍മേഖല മറ്റു നിര്‍മാണജോലികള്‍ തുടങ്ങിയവയിലേര്‍പ്പെട്ടിട്ടുളള തൊഴിലാളികളാണ് കഠിനമായ ചൂടു സഹിച്ചു കൊണ്ട് ജോലിയിലേര്‍പ്പെട്ടുവരുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന ജോലി വൈകുന്നേരം അഞ്ചുവരെ നീളാറുണ്ട്. ഇതിനിടയില്‍ രാവിലെയും ഉച്ചക്കും ഭക്ഷണം കഴിക്കുന്നതിനുവേണ്ടി മാത്രമാണ് അരമണിക്കൂര്‍ വീതം സമയം അനുവദിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ കൂലിപ്പണിയിലേര്‍പ്പെട്ടുവരുന്നവരുടെയും സ്ഥിതി ഇതു തന്നെയാണ്. മാര്‍ച്ച് മാസം അവസാനിക്കാറായതോടെ റോഡുകളുംപാലങ്ങളും ഉള്‍പ്പെടെയുളള നിര്‍മാണജോലികള്‍ തകൃതിയായി നടന്നുവരികയാണ്. കരാര്‍ ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികളിലധികവും അന്യസംസ്ഥാനക്കാരാണ്. തൊഴില്‍ നിയമങ്ങളെ കുറിച്ച് യാതൊരു ധാരണയും ഇവര്‍ക്കില്ല. ഇതാണ് കരാറുകാരും തൊഴിലുടമകളും മുതലെടുക്കുന്നത്.

അസംഘടിതരായ ഇവരെ ബോധവല്‍ക്കരിക്കാനോ  നിയമലംഘനങ്ങളില്‍ ഇടപെടാനോ ഇവിടുത്തെ തൊഴിലാളി യൂണിയനുകളോ തൊഴില്‍ വകുപ്പോ ശ്രമിക്കുന്നുമില്ല. ഇവരെല്ലാം തൊഴിലുടമകളുടെ ഭാഗമായാണ് പ്രവര്‍ത്തിച്ചു വരുന്നത്. വിശ്രമത്തിനു ശ്രമിക്കുന്ന തൊഴിലാളികളുടെ ശമ്പളം പിടിച്ചെടുക്കുന്ന ഉടമകള്‍ വരെയുണ്ട്. ഇതു ഭയന്ന് പലരും പരാതികള്‍ ഉന്നയിക്കാതെ പണിയെടുത്തു വരികയാണ്. ഓരോ ദിവസവും ചൂട് അധീകരിച്ചു വരികയാണ്. പ്രായമായവര്‍ക്കൊന്നും ഈ ചൂട് താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. എങ്കിലും ജീവിതപ്രാരാബ്ധം മൂലം പണിയെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് അവര്‍.

തൊഴിലാളികളെ ബോധവല്‍ക്കരണം നടത്തി അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ എല്ലാ ലേബര്‍ ഓഫീസര്‍മാരെയും അറിയിച്ചിട്ടുളളത്. എന്നാല്‍ ഈ ബോധവല്‍ക്കരണ പരിപാടികള്‍ മിക്കയിടത്തും നടന്നിട്ടില്ല. എല്ലാ താലൂക്കു കേന്ദ്രങ്ങളിലും ലേബര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ആരെങ്കിലും പരാതിപ്പെട്ടാല്‍ മാത്രമെ ഇവര്‍ അന്വേഷണം നടത്താറുളളു. തൊഴിലുടമകള്‍ സ്വാധീനമുളളവരാകുമ്പോള്‍ അന്വേഷണവും വഴിപാടായി മാറുകയാണ് പതിവ്. ലേബര്‍ കമ്മീഷണറുടെ ഉത്തരവു പ്രകാരം അംഗീകൃത തൊഴിലുടമകള്‍ക്കാര്‍ക്കും ലേബര്‍ ഓഫീസുകളില്‍ നിന്നും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുളളതായും വിവരമില്ല.

ലേബര്‍ കമ്മീഷണറുടെ ഉത്തരവുണ്ടെന്നും മിക്കയിടത്തും അത് പാലിക്കപ്പെടുന്നില്ലെന്നും തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ചിലരെങ്കിലും സമ്മതിക്കുന്നുണ്ട്. പരാതി ലഭിക്കുമ്പോള്‍ അന്വേഷണം നടത്താറുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ പരാതികള്‍ അന്വേഷിച്ചു പോകാന്‍ താലൂക്കുതല ലേബര്‍ ഓഫീസുകള്‍ക്കു വാഹനങ്ങള്‍ അനുവദിച്ചിട്ടില്ല. സ്ഥലത്തുപോയി അന്വേഷിക്കുന്നതിന് യാത്രാപ്പടിയും ലഭ്യമല്ല. ഇത്തരം പരിമിതികള്‍നിയമം നടപ്പിലാക്കുന്നതിന് പരിമിതികള്‍ സൃഷ്ടിക്കുന്നതായി അവര്‍ പറയുന്നു.
അതികഠിനമായ ചൂടുകാരണം സൂര്യാഘാതംവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു കഴിഞ്ഞു. മറ്റു വേനല്‍കാലരോഗങ്ങളും വ്യാപകമാകുന്നുണ്ട്. നിയമപരമായ പരിരക്ഷ തൊഴിലാളികള്‍ക്കു ലഭിച്ചില്ലെങ്കില്‍ അത് അവരുടെ ജീവനുതന്നെ ഭീഷണിയായി മാറും .

Related posts