തോല്‍വി: തൃശൂരില്‍ കെപിസിസി തെളിവെടുപ്പ് : നരച്ച നേതാക്കളെ വേണ്ട, യുവനേതൃത്വം വേണമെന്ന് പ്രവര്‍ത്തകര്‍

knr-congressസ്വന്തം ലേഖകന്‍
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ യുഡിഎഫ്, കോണ്‍ഗ്രസ് സ്ഥാ നാര്‍ഥികളുടെ പ്രചാരണ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കാതിരുന്ന നരച്ച നേതൃത്വത്തെ നീക്കം ചെയ്ത് കര്‍മോത്സുകമായ നേതൃത്വത്തെ കൊണ്ടുവരണമെന്നു ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തെക്കുറിച്ചു പഠിക്കുന്നതിനായി കെപിസിസി നിയോഗിച്ച ഉപസമിതി നടത്തിയ തെളിവെടുപ്പിനിടെയാണു നേതൃമാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നത്. നിലവിലുള്ള എണ്‍പത്തഞ്ചംഗ ജംബോ ഭാരവാഹികമ്മിറ്റി അനാവശ്യമാണെന്നും രണ്ടു ഡസനിലേറെ ഭാരവാഹികള്‍ നന്നല്ലെന്നുമുള്ള അഭിപ്രായവും ഉയര്‍ന്നു.

ടി.എന്‍. പ്രതാപനെപ്പോലുള്ളവരെയാണു നേതൃത്വത്തിലേക്കു കൊണ്ടുവരേണ്ടതെന്ന് അഭി പ്രായപ്പെട്ടവരാണ് അധികവും. പരിചയസമ്പന്നരല്ലാത്ത ഭാരവാഹികളെ ഒഴിവാക്കണമെന്ന നിര്‍ദേശവും വന്നിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി പദ്മജ വേണുഗോപാലിനെ ജില്ലയിലെ പാര്‍ട്ടി നേതൃത്വ ചുമതല ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ടവരും ഉണ്ട്.    കെപിസിസി ഉപസമിതി അംഗങ്ങളായ ഭാരതിപുരം ശശി, എന്‍. വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവരടങ്ങിയ സമിതിയാണു തെളിവെടുപ്പു നടത്തിയത്. പരാജയ കാരണങ്ങള്‍, നിലവിലുള്ള നേതാക്കളുടെ നേതൃപരമായ ഇടപെടല്‍ എന്നിവയെക്കുറിച്ച് ആരാഞ്ഞ സമിതി, പാര്‍ട്ടിയെ ശക്തമാക്കാന്‍ ഇനിയെന്തു നിര്‍ദേശമാണു മുന്നോട്ടുവയ്ക്കാനുള്ളതെന്നു നേതാക്കളോടും പ്രവര്‍ത്തകരോടും ആരാഞ്ഞു. ഇതിനുള്ള മറുപടിയായാണ് പുതിയ നേതൃത്വം വേണമെന്ന ആവശ്യം ഉണ്ടായത്.

നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചാണ് കെപിസിസി സമിതി തെളിവെടുപ്പ് നടത്തിയത്. ഒരോ മണഡലത്തിലെയും സ്ഥാനാര്‍ഥികളില്‍നിന്നും സമിതി തെളിവു ശേഖരിച്ചു. സ്ഥാനാര്‍ഥികള്‍ക്കു പുറമേ ഡിസിസി പ്രസിഡന്റടക്കമുള്ള ഭാരവാഹികള്‍, ജില്ലയില്‍നിന്നുള്ള കെപിസിസി അംഗ ങ്ങള്‍ എന്നിവരുമായും ഉപസമിതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. ഒറ്റദിവസം കൊണ്ട് തൃശൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കണമെന്നു ശഠിച്ച സമിതിയുടെ തെളിവെടുപ്പ് ഇന്നലെ രാത്രി വൈകിയാണ് അവസാനിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. വടക്കാഞ്ചേരിയില്‍നിന്ന് അനില്‍ അക്കര മാത്രമാണ് നേരിയ ഭൂരിപക്ഷത്തിനു വിജയിച്ചത്.

യുഡിഎഫിന്റെ കോട്ടകളെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പലയിടത്തും കനത്ത വിള്ളലുണ്ടായി. കഴിഞ്ഞ മുപ്പതു വര്‍ഷമായി കുത്തകസീറ്റായിരുന്ന തൃശൂര്‍ മണ്ഡലം കൈവിട്ടത് കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാവുകയും ചെയ്തു. തൃശൂര്‍ മണ്ഡലത്തിലെ തോല്‍വി സംബന്ധിച്ച് സ്ഥാനാര്‍ത്ഥിയായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി പദ്മജ വേണുഗോപാല്‍ പരസ്യമായി രംഗത്തുവന്നിരുന്നു. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിന് ഉണ്ടായിരുന്നില്ലെന്നു കെപിസിസി യോഗത്തിലും ആരോപണം ഉയര്‍ന്നിരുന്നു.

പദ്മജയുടെ ആരോപണത്തിനെതിരെ, തോല്‍വിയുടെ മനോവിഷമംകൊണ്ടു പറയുന്നതാണെന്നു പറഞ്ഞുകൊണ്ട് മുതിര്‍ന്ന നേതാക്കള്‍ തിരിച്ചടിച്ചതും പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. മുന്‍മന്ത്രി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് പി.എ. മാധവന്‍, മുന്‍ പ്രസിഡന്റും മണലൂരിലെ സ്ഥാനാര്‍ഥിയുമായ ഒ. അബ്ദുറഹിമാന്‍കുട്ടി, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവരടങ്ങുന്നവര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വപരമായ ഇടപെടല്‍ നടത്തിയില്ലെന്നാണ് ബഹുഭൂരിപക്ഷം പേരും പരാതിപ്പെട്ടത്. ഇവരെ പ്രധാന ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്തണമെന്നും യുവത്വവും കര്‍മോല്‍സുകതയുമുളളവരാണു പാര്‍ട്ടിയെ നയിക്കേണ്ടതെന്നുമുള്ള നിര്‍ദേശങ്ങളാണ് അധികവും ഉണ്ടായത്.

Related posts