ബാര്‍ബഡോസ്: ത്രിരാഷ്ട്ര ക്രിക്കറ്റിന്റെ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ 58 റണ്‍സിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 270 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 45.4 ഓവറില്‍ 212 റണ്‍സിന് പുറത്തായി.
മാത്യൂ വേഡിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ഓസീസ് മികച്ച സ്‌കോര്‍ നേടിയത്. വേഡ് 57 റണ്‍സ് നേടി. ആരോണ്‍ ഫിഞ്ച് (47), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (46), മിച്ചല്‍ മാര്‍ഷ് (32) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.
വിന്‍ഡീസിന് വേണ്ടി ജയിസണ്‍ ഹോള്‍ഡറും ഷാനോണ്‍ ഗബ്രിയേലും രണ്ടു വീതം വിക്കറ്റുകള്‍ നേടി. 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന്റെ അഞ്ച് വിക്കറ്റ് പിഴുത പേസര്‍ ജോഷ് ഹേസില്‍വുഡാണ് പിടിച്ചുനിര്‍ത്തിയത്. മിച്ചല്‍ മാര്‍ഷ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. 45 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സും 40 റണ്‍സ് നേടിയ ദിനേശ് രാംദിനുമാണ് വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ മിച്ചല്‍ മാര്‍ഷാണ് ഫൈനലിലെ താരം. ജോഷ് ഹേസില്‍വുഡ് പരമ്പരയുടെ താരമായി.