മോഡല്‍ രംഗത്തുനിന്നു ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ദിഷ പഠാണിയും ബോളിവുഡിലെ യുവനായകന് ടൈഗര്‍ ഷറോഫും തമ്മില്‍ ഡേറ്റിംഗിലാണെന്ന് അടുത്തിടെ പറച്ചിലുണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും ചുറ്റിയടിച്ചുനടക്കുന്നതും ഇതിനോടകം ബോളിവുഡില്‍ പാട്ടാണ്.
ടൈഗറിനോടൊപ്പം ദിഷയെ പല ചടങ്ങുകളിലും കാണാറുണ്ട്്. ഏറ്റവും അവസാനം ടൈഗര്‍ നായകനായ എ ഫ്ളൈയിംഗ് ജാട്ട് എന്ന ചിത്രത്തിന്റെ പ്രിവ്യൂ കാണാനും ടൈഗറിനോടൊപ്പം ദിഷ എത്തി. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് ഇരുവരും പറയുമ്പോഴും ആളുകള്‍ പറയുന്നത് ഇരുവരും ഡേറ്റിംഗിലാണെന്നാണ്.
ഡേറ്റിംഗിനെക്കുറിച്ച് ദിഷയോട് ചോദിച്ചപ്പോള്‍ താനും ടൈഗറും തമ്മില്‍ ചില സാമ്യങ്ങളുണ്ടെന്നും അതുകൊണ്ടാകാം ആളുകള്‍ ഞങ്ങള്‍ ഡേറ്റിംഗിലാണെന്ന് പറയുന്നതെന്നുമായിരുന്നു പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവചരിത്രം ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ദിഷ പഠാണി അഭിനയിക്കുന്നത്. സുഷന്ത് സിംഗ് രജപുത് ആണ് എംഎസ് ധോണിയുടെ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ധോണിയുടെ മുന്‍ കാമുകി പ്രിയങ്ക ജായുടെ വേഷത്തിലാണ് ദിഷ അഭിനയിക്കുന്നത്.
കരണ്‍ ജോഹര്‍ ഒരുക്കുന്ന സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2വില്‍ ടൈഗര്‍ ഷറോഫിനോടൊപ്പം ദിഷയും പ്രധാനവേഷത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. സാറ അലി ഖാന്, ജാന്‍വി കപൂര്‍ എന്നിവരും ചിത്രത്തില്‍ നായികമാരാണ്. അതേസമയം, ദിഷയെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2വില്‍ നായികയാക്കുന്നത് ടൈഗറിന്റെ ഇടപെടല്‍ മൂലമാണെന്നും സംസാരമുണ്ട്.