വയസ് ഒമ്പതേയുള്ളൂ പക്ഷെ ചെയ്യുന്ന ജോലികളാവട്ടെ 19കാരിയുടെയും. ഹില്‍ദേ കെയ്റ്റ് ലൈസിയാക്ക് എന്ന അമേരിക്കക്കാരി പെണ്‍കുട്ടിയെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. ഓറഞ്ച് സ്ട്രീറ്റ് ന്യൂസ് എന്ന ലോക്കല്‍ പത്രത്തിന്റെ റിപ്പോര്‍ട്ടറാണ് ഈ മിടുക്കി.
റിപ്പോര്‍ട്ട് ചെയ്യുന്നത് കുട്ടികളുടെ വാര്‍ത്തകളാണെന്നു നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. കൊലപാതകം, പിടിച്ചുപറി തുടങ്ങിയ വാര്‍ത്തകള്‍ ഒരു മടിയും കൂടാതെയാണ് ഹില്‍ദേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൈന്‍ത്ത് സ്ട്രീറ്റ് എന്ന സ്ഥലത്തു നടന്ന ഒരു കൊലപാതകം എക്‌സ്ക്ലൂസിവായി റിപ്പോര്‍ട്ട് ചെയ്താണ് ഹില്‍ദേ ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. കൂടാതെ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.
ഹില്‍ദ ഒരു മികച്ച മള്‍ട്ടി മീഡിയ മാധ്യമപ്രവര്‍ത്തകയാണെന്നും അവള്‍ ക്രൈം സ്റ്റോറീസിനെ സ്‌നേഹിക്കുന്നുണ്ടെന്നും ഓറഞ്ച് സ്ട്രീറ്റ് ന്യൂസിന്റെ എഡിറ്റര്‍ പറയുന്നു. എഴുത്തുകാരനും ന്യൂയോര്‍ക്ക ഡെയ്‌ലി ന്യൂസിന്റെ മുന്‍ റിപ്പോര്‍ട്ടറുമായിരുന്ന പിതാവാണ് ഹില്‍ദേയുടെ മാതൃക.
ഹില്‍ദേയുടെ ചെറുപ്പത്തില്‍ പിതാവ് ന്യൂസ്‌റൂമില്‍ ഇവളേയും കൊണ്ടുപോകുമായിരുന്നു. അത് ഹില്‍ദേയിലെ മാധ്യമപ്രവര്‍ത്തകയെ വളര്‍ത്താന്‍ ഇടയാക്കി. എന്തായാലും മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ കൊച്ചുതാരമാണ് ഹില്‍ദയിപ്പോള്‍.