ബോളിവുഡിലെ സൂപ്പര്‍സുന്ദരി ദീപിക പദുക്കോണ്‍ സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ നായികയാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ കബീര്‍ ഖാന്റെ പുതിയ ചിത്രത്തിലൂടെ ദീപികയും സല്‍മാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ ദീപിക സല്‍മാന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ബോളിവുഡിലെ സൂപ്പര്‍താരമായ സല്‍മാന്‍ഖാനോടൊപ്പം ഇതുവരെ ഒരു ചിത്രത്തില്‍ പോലും ദീപിക നായികയായിട്ട് അഭിനയിച്ചിട്ടില്ല. സല്‍മാന്റെ നായികയായി ഒരു സിനിമയിലെങ്കിലും അഭിനയിക്കാന്‍ തനിക്കു മോഹമുണ്ടെന്ന് ഇടയ്ക്കിടെ ദീപിക പറയാറുമുണ്ട്. പല ബോളിവുഡ് സംവിധായകരും ഇരുവരെയും ജോഡികളാക്കി ചിത്രമെടുക്കാന്‍ തയാറായെങ്കിലും ഓരോ കാരണങ്ങളാല്‍ അതു നടക്കാതെ പോവുകയായിരുന്നു. കബീര്‍ഖാന്റെ ചിത്രത്തിലൂടെ സല്‍മാനും ദീപികയും ഒന്നിക്കുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ സല്‍മാന്റെയും ദീപികയുടെയും ആരാധകര്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. ഇപ്പോഴിതാ അവര്‍ക്കെല്ലാം നിരാശപ്പെടേണ്ടി വന്നിരിക്കുന്നു.
ട്യൂബ് ലൈറ്റ് എന്നാണ് കബീര്‍ഖാന്റെ പുതിയ ചിത്രത്തിന്റെ പേര്. 1960കളിലെ രണ്ടു സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഏക് താ ടൈഗര്‍, ബജ്‌റംഗി ബൈജാന്‍ എന്നീ ചിത്രങ്ങളിലാണ് സല്‍മാന്‍ കബീര്‍ഖാനോടൊപ്പം ഇതിനുമുമ്പ് സഹകരിച്ചിട്ടുള്ളത്.