ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ.വിക്ടര്‍ നരിവേലി അന്തരിച്ചു; വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു വിയോഗം

DEEPIKAകോട്ടയം: ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ.വിക്ടര്‍ നരിവേലി(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു വിയോഗം. ചീഫ് എഡിറ്റര്‍, മാനേജിംഗ് എഡിറ്റര്‍ എന്നി നിലകളില്‍ ദീര്‍ഘകാലം ദീപികയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ 8.30ന് പാലാ മുത്തോലി സെന്റ് ആന്റണീസ് സിഎംഐ ആശ്രമത്തില്‍ കൊണ്ടുവരും.

സംസ്കാര ശുശ്രൂഷകള്‍ രണ്ടിനാരംഭിച്ച് ആശ്രമദേവാലയത്തില്‍ സംസ്കരിക്കും. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി(ഐഎന്‍എസ്)യുടെ കേരളഘടകം അധ്യക്ഷനായി രണ്ടുവട്ടം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീപികയുടെ നവീകരണത്തിനും വളര്‍ച്ചയ്ക്കും വളരെയധികം സംഭാവന നല്‍കിയ ഫാ.വിക്ടര്‍ നരിവേലി സ്ഥാപനത്തിന്റെ ആധുനികവത്കരണത്തിന്റെയും മുഖ്യശില്‍പ്പിയാണ്. കേരളത്തിലെ പത്രപ്രവര്‍ത്തനരംഗത്ത് ആദ്യമായി ഫോട്ടോ കമ്പോസിംഗും ഓഫ്‌സെറ്റ് പ്രസും കളര്‍ പ്രിന്റിംഗുമൊക്കെ ആരംഭിച്ചതു വിക്ടറച്ചനായിരുന്നു.

ദീപികയുടെ ശതാബ്ദി ആഘോഷങ്ങളുടെ മുഖ്യസംഘാടകരില്‍ ഒരാളായിരുന്നു. ശതാബ്ദി ആഘോഷങ്ങള്‍ കോട്ടയത്തു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉദ്ഘാടനം ചെയ്ത വേളയിലും പ്രധാനമന്ത്രി രാജീവ് ഗാന്ധി പങ്കെടുത്ത സമാപന ചടങ്ങിലും നരിവേലിയച്ചന്റെ നേതൃത്വം ശ്രദ്ധേയമായിരുന്നു.

ഷിക്കാഗോയിലെ ലയോള യൂണിവേഴ്‌സിറ്റിയില്‍നിന്നു രാഷ്ട്രമീമാംസയില്‍ എംഎയും ഇല്ലിനോയി യൂണിവേഴ്‌സിറ്റിയില്‍നിന്നു പത്രപ്രവര്‍ത്തനത്തില്‍ എംഎസ് ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. പിന്നീടു നോട്ടര്‍ഡാം സര്‍വകലാശാലയില്‍നിന്നു രാഷ്ട്രമീമാംസയില്‍ ഡോക്ടറേറ്റുമെടുത്തു.  പാലാ മേവിട നരിവേലില്‍ സ്കറിയ-അന്നമ്മ ദമ്പതികളുടെ പുത്രനായി 1936 ഡിസംബര്‍ 17ന് ജനിച്ചു. സഹോദരന്‍ പരേതന്‍ എന്‍.സി. മാത്യു (റിട്ട. മാനേജര്‍ കാത്തലിക് സിറിയന്‍ ബാങ്ക്). മുത്തോലി സെന്റ് ആന്റണീസ് സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം സിഎംഐ സഭയില്‍ ചേര്‍ന്നു. പൂന പേപ്പല്‍ സെമിനാരിയിലായിരുന്നു വൈദിക പഠനം. പ്രഫ.സെബാസ്റ്റ്യന്‍ നരിവേലി (അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ്, കാഞ്ഞിരപ്പള്ളി) പിതൃസഹോദര പുത്രനാണ്.

Related posts