ദേശീയപാത കൈയടക്കി തെരുവുനായ്ക്കള്‍; ബൈക്ക് യാത്രികര്‍ക്ക് ഭീഷണി

tvm-dog പാരിപ്പളളി: ദേശീയപാതകൈയടക്കി അലയുന്ന തെരുവു നായ്ക്കള്‍ ബൈക്ക് യാത്രികര്‍ ഉള്‍പ്പടെയുളള യാത്രക്കാര്‍ക്ക്  ഭീഷണിയാവുന്നു. അലഞ്ഞ് തിരിയുന്ന നായ്കൂട്ടങ്ങള്‍ റോഡില്‍ കടിപിടികൂടുന്നത് അപകടങ്ങള്‍ക്കിടവരുത്തുന്നു. ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലായി നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. നായ്ക്കളെ ഇടിച്ച് ബൈക്ക് യാത്രക്കാര്‍ അപകടങ്ങളില്‍പെടുന്നത് നിത്യസംഭവമാണ്. കല്ലമ്പലം മുതല്‍ ചാത്തന്നൂര്‍ വരെയുളള ദേശീയപാതയാണ് നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുന്നത് .

കഴിഞ്ഞ ദിവസം രാത്രി കല്ലമ്പലത്തിനും പാരിപ്പളളിക്കും ഇടയില്‍ തട്ടുപാലം ജംഗ്ഷന് സമീപം തെരുവു}ായ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ കല്ലുവാതുക്കല്‍ പാമ്പുറം വിഷ്ണു ഭവനില്‍ വിഷ്ണു (19) ശീമാട്ടി സ്വദേശി ഷിയാസ് (45) എന്നിവര്‍ക്ക് പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന വിഷ്ണുവിന്റെ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു. ഇവര്‍വര്‍ക്കല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.    ഈ ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.

നായ്ക്കളെ ഇടിച്ച് ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ദേശീയപാതയുടെ വശങ്ങളിലുള്ള ഇറച്ചികടകളില്‍ നിന്നും മറ്റുമുളള അവശിഷ്ടങ്ങള്‍ തളളുന്നതിനാല്‍ ഇവിടെ തെരുവ്‌നായ്ക്കള്‍ കൂട്ടമായി എത്തുകയാണ് ചെയ്യുന്നത് . കല്ലുവാതുക്കല്‍ , പാരിപ്പളളി ചന്തയ്ക്കുളളിലും പരിസരങ്ങളിലും നായ്ശല്യം രൂക്ഷമായിട്ടുണ്ട്.

കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായിട്ടുണ്ട്.   രാത്രിയില്‍ നായ്ക്കൂട്ടങ്ങള്‍വളര്‍ത്തു മൃഗങ്ങളെയും കോഴികളെയും കടിച്ച് കൊല്ലുന്നത് പതിവ് സംഭവമാണ്. സന്ധ്യകഴിഞ്ഞാല്‍ ദേശീയപാതയും ഇടവഴികളും നായ്ക്കളുടെ പിടിയിലാണ്. തെരുവുനായ്ക്കളുടെ ശല്യത്തെക്കുറിച്ച് ഗ്രാമപ്പഞ്ചായത്തില്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Related posts