ദേശീയപാത മംഗലംപാലം സ്റ്റോപ്പില്‍ ബസ് കാത്തിരിപ്പുകേന്ദ്രം അത്യാവശ്യം

pkd-bus-stopവടക്കഞ്ചേരി: ദേശീയപാത മംഗലംപാലം സ്റ്റോപ്പില്‍ ബസ് കാത്തിരിപ്പുകേന്ദ്രവും ബസുകള്‍ ഒതുക്കിനിര്‍ത്തി യാത്രക്കാര്‍ക്ക് ഇറങ്ങാനും കയറാനുമുള്ള സൗകര്യത്തിനായി ബസ് ബേയും നിര്‍മിക്കണമെന്ന യാത്രക്കാരുടെ അപേക്ഷയില്‍ കളക്ടറുടെ നിര്‍ദേശത്തെതുടര്‍ന്ന് വടക്കഞ്ചേരി പോലീസ് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. മംഗലംപാലം പെട്ടപറമ്പില്‍ ഹനീഫ കളക്ടര്‍ക്കു നല്കിയ അപേക്ഷയിലാണ് സ്ഥലം പരിശോധിച്ച്  ആവശ്യം ന്യായമാണെന്നു കണ്ടെത്തി റിപ്പോര്‍ട്ട് നല്കിയിട്ടുള്ളത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ നിരവധി റോഡ് അപകടങ്ങള്‍ ഉണ്ടായിട്ടുള്ള ഇവിടെ ബസ് ബേയും വെയ്റ്റിംഗ് ഷെഡും അത്യന്താപേക്ഷിതമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബസുകള്‍ നാലുവരിപാതയില്‍ തന്നെ നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് വലിയ ദുരന്തത്തിനും വഴിവയ്ക്കും. യാത്രക്കാര്‍ ദേശീയപാത മുറിച്ചു കടക്കുന്ന ഇവിടെ സീബ്രാലൈനിട്ടു മുന്നറിയിപ്പു സംവിധാനം ഒരുക്കണം. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍നിന്നുള്ള ബസുകളിലെ യാത്രക്കാര്‍ മംഗലംപാലത്ത് ഇറങ്ങിയാണ് ദേശീയപാത മുറിച്ചുകടന്ന് പാലക്കാട്ടേയ്ക്ക് പോകുന്ന ബസുകളില്‍ കയറുന്നത്.

ബസ്‌ബേ നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലവും ഇവിടെയുണ്ട്. ഇത് സൈഡ് വോള്‍കെട്ടി ഇപ്പോള്‍ അടച്ചിരിക്കുകയാണ്. മംഗലംപാലത്തെ പഴയ പാലത്തിനുമുന്നില്‍ വെള്ളംകെട്ടിനിന്നു റോഡ് തകരുന്ന സ്ഥിതിയുമുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാനും നടപടിവേണം. സംസ്ഥാനപാതയില്‍നിന്നും ദേശീയപാതയിലേക്ക് തിരിയുന്ന യത്തീംഖാനയ്ക്കുമുന്നില്‍ റോഡിനു വീതിയില്ലാത്തതും രാത്രികാലങ്ങളില്‍ ഇവിടെ വെളിച്ചമില്ലാത്തതും നിരവധി അപകടങ്ങള്‍ക്കും വഴിവയ്ക്കുകയാണ്.

Related posts