കൊല്ലം: ട്രേഡ് യൂണിയന്‍ സ്‌പോണ്‍സറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി സെപ്റ്റംബര്‍ രണ്ടിന് നടത്തുന്ന ദേശീയ പണിമുടക്കില്‍ ജീവനക്കാരും അധ്യാപകരും പങ്കെടുക്കും. തൊഴില്‍ നിയമ ഭേദഗതിക്കെതിരെയും തൊഴിലും കൂലിയും സംരക്ഷിക്കാനും വിലക്കയറ്റം തടയാനും തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കിന് ബിഎംഎസ് ഒഴികെയുള്ള മുഴുവന്‍ കേന്ദ്ര തൊഴിലാളി സംഘടനകളും നേതൃത്വം നല്‍കുകയാണ്. തൊഴിലാളി സംഘടനകളോടൊപ്പം കേന്ദ്ര സംസ്ഥാന ജീവനക്കാരും പണിമുടക്കുന്നു.
ഓള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്റെയും, ഓള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെയും നേതൃത്വത്തില്‍ ഒഴിവുകള്‍ നികത്തുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് സംസ്ഥാന ജീവനക്കാര്‍ പണിമുടക്കുന്നത്.
പണിമുടക്ക് വിജയിപ്പിക്കാന്‍ സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന ജീവനക്കാരുടെയും അധ്യാപകരുടെയും ജില്ലാ കണ്‍വെന്‍ഷന്‍ ഓള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ദേശീയ സെക്രട്ടറി സിആര്‍ ജോസ്പ്രകാശ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ എസ് ഓമനക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. എസ് സുശീല, ഷാനവാസ്ഖാന്‍, ഡി വിമല എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി ജില്ലാ കണ്‍വീനര്‍ ബി രാധാകൃഷ്ണപിള്ള സ്വാഗതവും എന്‍എസ് ഷൈന്‍ നന്ദിയും പറഞ്ഞു.