മഹേന്ദ്ര സിംഗ് ധോണി എപ്പോഴും അങ്ങനെയാണ്. ചെറിയ ചെറിയ തീരുമാനങ്ങളിലൂടെ ഏവരെയും ഞെട്ടിക്കും. അത്തരത്തിലൊരു ഞെട്ടലിലാണ് റാഞ്ചിയിലെ ഒരു സാദാ ബാര്‍ബര്‍ ഷോപ്പുകാരനും അനുഭവിച്ചത്. വെള്ളിയാഴ്ച്ചയാണ് ധോണിയുടെ വീട് സ്ഥിതി ചെയ്യുന്ന റാഞ്ചി നഗരത്തിലെ ഇടത്തരം ബാര്‍ബര്‍ ഷോപ്പില്‍ അപ്രതീക്ഷിതമായി ധോണിയെത്തിയത്. മുടിവെട്ടാനെത്തിയവര്‍ ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നീട് സെല്‍ഫിയെടുക്കാനുള്ള ബഹളമായിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തിയശേഷമാണ് ധോണി വീട്ടിലേക്കു മടങ്ങിയത്. അതും സ്വന്തം ബൈക്കില്‍. മുടിമുറിക്കുന്ന ചിത്രം സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു ധോണി.
അതേസമയം, ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചായി ചുമതലയേറ്റെടുത്ത അനില്‍ കുംബ്ലെയുമായി ഞായറാഴ്ച്ച കൂടിക്കാഴ്ച്ച നടത്തും. കുംബ്ലെ പുതിയ റോളിലെത്തിയശേഷം ആദ്യമായിട്ടാകും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നത്. അടുത്തമാസം വെസ്റ്റ് ഇന്‍ഡീസിലേക്കാണ് ഇന്ത്യയുടെ അടുത്ത പര്യടനം.