കോട്ടയം: രാത്രിയായാല്‍ ഇരുളടഞ്ഞ നഗമ്പടം സ്റ്റാന്‍ഡിലേയും പരിസര പ്രദേശങ്ങളിലേയും കുറ്റകൃത്യങ്ങളും അനാശാസ്യ പ്രവര്‍ത്തനങ്ങളും തടയുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച നാഗമ്പടത്തെ പോലീസ് ഓട്ട്പോസ്റ്റ് അധികം വൈകാതെ ഇരുട്ടിലാകും. രണ്ടുവര്‍ഷമായി വൈദ്യുതി ചാര്‍ജ് അടയ്ക്കാതായതോടെ ഇവിടേക്കുള്ള വൈദ്യുത കണക്ഷന് വിച്ഛേദിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. പിഴയും അമിത പിഴയും ഉള്‍പ്പടെ 90,288രൂപ അടയ്ക്കാനുള്ള അവസാന തീയതിയും കഴിഞ്ഞതിനാല്‍ ഏതുനിമിഷവും വൈദ്യുതി വിച്ഛേദിച്ചേക്കുമെന്നു കെഎസ്ഇബി അധികൃതര്‍ മുന്നറിയിപ്പ് നല്കി.
2013 സെപ്റ്റംബര്‍ മുതലുള്ള വൈദ്യുതി ചാര്‍ജാണ് കുടിശികയുള്ളത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാല്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ വന്നുകൊണ്ടിരുന്ന ബില്‍ പോലീസ് നഗരസഭയ്ക്ക് കൈമാറി. എന്നാല്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ പണം അടയ്ക്കേണ്ട ബാധ്യത നഗരസഭയ്ക്കില്ലെന്ന് കൗണ്‍സില്‍ തീരുമാനമെടുത്തതോടെ കെഎസ്ഇബി വെട്ടിലായി. രണ്ടു വര്‍ഷമായി ഇരു കൂട്ടരും പണം അടയ്ക്കാന്‍ വിസമ്മതിച്ചതോടെയാണ് വൈദ്യുതി വിച്ഛേദിക്കുന്ന കടുത്ത നടപടികളിലേക്ക് കെഎസ്ഇബി അധികൃതര്‍ കടന്നിരിക്കുന്നത്.
എട്ടു വര്‍ഷം മുന്‍പ് നഗരസഭ സൗജന്യമായി നല്കിയ കെട്ടിടത്തിലാണ് കണ്ട്രോള് റൂം ഉള്‍പ്പെടുന്ന പോലീസ് ഔട്ട് പോസ്റ്റ് പ്രവര്‍ത്തിച്ചുവരുന്നത്. പോലീസിന്റെ സാന്നിധ്യമുള്ളതിനാല്‍ പ്രദേശത്തെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരികെയായിരുന്നു. ബില്ലടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞ മാസം രണ്ടിന് അവസാനിച്ച സാഹചര്യത്തിലാണ് ഔട്ട് പോസ്റ്റിന്റെ പ്രവര്‍ത്തനം സ്തംഭിക്കുന്ന നിലയില്‍ കെഎസ്ഇബി നടപടിക്കൊരുങ്ങുന്നത്.
അതേസമയം കൗണ്‍സിലില്‍ വൈദ്യുതി ചാര്‍ജ് കൂട്ടിക്കാണിച്ചതും വിവാദമായിട്ടുണ്ട്. 2013 സെപ്റ്റംബര്‍ മുതല്‍ 2016 ജനുവരി വരെ കുടിശികയും പിഴയും ഉള്‍പ്പടെ 90,288 രൂപ അടയ്ക്കുള്ളതായാണ് കെഎസ്ഇബി ഈസ്റ്റ് സെക്ഷനില്‍ നിന്നും വിവരം ലഭിച്ചത്. എന്നാല്‍ നഗരസഭയുടെ രേഖയില്‍ 95,388 രൂപ അടയ്ക്കാനുണ്ട്. ഇതില്‍ കറണ്ട് ചാര്‍ജ് ഇനത്തില്‍ 80,424 രൂപയും പലിശ ഇനത്തില്‍ 14,964 രൂപയുമാണുള്ളത്. തുകയിലെ ക്രമക്കേട് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പലിശ കൂട്ടിയുള്ള നിരക്കാണ് കൗണ്‍സിലിനു സമര്‍പ്പിച്ചതെന്നാണ് പറഞ്ഞത്. എന്നാല്‍ കെഎസ്ഇബിയില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് പലിശയുള്‍പ്പടെ 90,288രൂപയെ അടയ്ക്കാനുള്ളൂ.