ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ ഇന്നു തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. ഏപ്രില്‍ അവസാനമായിരിക്കും തെരഞ്ഞെടുപ്പ്. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പു പ്രഖ്യാപനമാണ് ഇന്നുണ്ടാകാന്‍ സാധ്യതയുള്ളത്. രാവിലെ 11ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ഡല്‍ഹിയില്‍ യോഗം തുടങ്ങി. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഡോ. നസീം സെയ്ദി, കമ്മീഷണര്‍മാരായ എ.കെ. ജ്യോതി, ഓം പ്രകാശ് റാവത്ത് എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. വൈകുന്നേരം മൂന്നിന് കമ്മീഷന് പത്രസമ്മേളനം നടത്തി തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. പ്രഖ്യാപിച്ചാല്‍ ആ നിമിഷംമുതല്‍ തെരഞ്ഞെടുപ്പു ചട്ടം നിലവില്‍ വരും. ഉദ്ഘാടനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക പരിപാടികളോ പ്രഖ്യാപനങ്ങളോ പിന്നിട് നടത്താനാവില്ല.
കേരളത്തില്‍ ഒറ്റ ദിവസംകൊണ്ട് തെരഞ്ഞെടുപ്പു നടത്തും. തമിഴ്നാട്ടില്‍ രണ്ടു ദിവസവും ബംഗാള്‍, ആസാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ രണ്ടിലേറെ ദിവസങ്ങളിലുമായിട്ടാകും തെരഞ്ഞെടുപ്പു നടത്തുക. സുരക്ഷാ പ്രശ്നംമൂലം എല്ലായിടത്തും ഒരേസമയം പോലീസിനെയും മറ്റും നിയോഗിക്കാനുള്ള ബുദ്ധിമുട്ട് പ്രധാന കാരണമാണ്. വോട്ടെണ്ണല്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരേ ദിവസമായിരിക്കും.