നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി ഇന്ന്; ഇതിനകം 912 പേര്‍ പത്രിക സമര്‍പ്പിച്ചു

ktm-pathriukaതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി ഇന്ന്. ഇതിനകം 912 പേര്‍ പത്രിക സമര്‍പ്പിച്ചു. ഇന്നലെ 283 പത്രികകള്‍ സമര്‍പ്പിച്ചു. ഇന്നലെ ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത് മലപ്പുറം ജില്ലയിലാണ്- 128 എണ്ണം.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അടക്കമുള്ള പ്രമുഖര്‍ ഇന്നാണു പത്രിക നല്‍കുക. മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാലും ഇന്നു പത്രിക നല്‍കും. ഇന്നു വൈകുന്നേരം മൂന്നു വരെയാണു പത്രിക സമര്‍പ്പിക്കാനുള്ള സമയം. നാളെ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. മേയ് രണ്ടിനാണു പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം. അതോടെ തെരഞ്ഞെടുപ്പു ചിത്രം തെളിയും. തെരഞ്ഞെടുപ്പു ചെലവു കണക്ക് യഥാസമയം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് കമ്മീഷന്‍ മുന്‍പ് അയോഗ്യരാക്കിയവരുടെ പട്ടികയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ കണക്കു നല്‍കാത്തവരും അനുവദനീയമായ തുകയില്‍ കൂടുതല്‍ ചെലവഴിച്ചവരുമായ 101 പേരെയാണ് അയോഗ്യരാക്കിയത്. അതില്‍ 27 പേരുടെ അയോഗ്യതാ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതിനാല്‍ അവര്‍ക്ക് മത്സരിക്കാന്‍ കഴിയും. ഇപ്പോള്‍ 74 പേരുടെ വിലക്കാണു പ്രാബല്യത്തിലുള്ളത്‌

Related posts